ജയ്പൂര്‍: ഒരുപിടി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായ ജയ്പൂര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ 152 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 4 വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ചെന്നൈക്ക് തുടക്കത്തിലേ പിഴച്ചു. ഓപ്പണര്‍മാരായ ഷെയ്ന് വാട്സന്റേയും(0) ഫാഫ് ഡുപ്ലെസി(7)യുടേയും വിക്കറ്റുകള്‍ ആദ്യ ഓവറുകളില്‍ തന്നെ സൂപ്പര്‍ കിംഗ്സിന് നഷ്ടമായി. തുടര്‍ന്നെത്തിയ സുരേഷ് റെയ്നയും കേദാര്‍ ജാദവും പിടിച്ച് നില്‍ക്കാനാകാതെ മടങ്ങി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ സ്കോര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വെറും 24 റണ്‍സ്. പിന്നീട് ക്രീസില്‍ ഒന്നിച്ച അമ്പാട്ടി റായിഡുവും(57) ‘തല’ ധോണിയും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. കരുതലോടെ കളിച്ച സഖ്യം 95 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.
അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി ജഡേജ തന്റെ ടീമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. മൂന്നാം പന്തില്‍ ധോണിയെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോക്സ് റോയല്‍സിന് പ്രതീക്ഷ നല്കി. അവസാന പന്തില്‍ ജയിക്കാന്‍ 3 റണ്‍സ്. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ സിക്സര്‍ പറത്തിയ സാന്റ്നറിന്റെ പ്രകടനം സൂപ്പര്‍ കിംഗ്സിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.
നേരത്തെ ടോസ് നേടിയ ചെന്നൈ രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 28 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സായിരുന്നു രാജസ്ഥാന്റെ ടോപ്പ് സ്കോറര്‍. ചെന്നൈക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂറും ദീപക് ചഹറും രവീന്ദ്ര ജഡേജയും 2 വിക്കറ്റുകള്‍ വീതം നേടി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ ഒന്നാം സ്ഥാനം നിലനിര്‍ത്തി.















