Columns

ഓർക്കുക: മാറാടിന് പറയാനുണ്ട് ഒരുപാട് കാര്യങ്ങൾ

ബിന്ദു മാറാട്

2003 മെയ് മൂന്ന് , ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ദാസേട്ടനും,കൃഷ്ണേട്ടനും ഉള്‍പ്പെടെയുള്ള എട്ടുപേരുടെ മൃതദേഹങ്ങള്‍ മാറാട് കടപ്പുറത്ത് പൊതു ദര്‍ശനത്തിന് വെച്ചിട്ടുണ്ട്. നേരം ഇരുട്ടിതുടങ്ങി. ആര്‍ക്ക് ആരെ സമാധിനിപ്പിക്കണം എന്നറിയാതെ ഒരു നാട് മുഴുവന്‍ ഏങ്ങലടിച്ചു കരയുകയാണ്. തളര്‍ന്നു വീഴുന്നവരെയും ബോധം നഷ്ടപ്പെടുന്നവരെയും താങ്ങിപിടിക്കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ല. നാട്ടിലെ ധൈര്യശാലികളായ ചെറുപ്പക്കാര്‍ പോലും പുഷ്പേട്ടന്റെയും സന്തോഷേട്ടന്റയും ചന്ദ്രേട്ടന്റെയും അടുത്ത് നിന്ന് ഒന്ന് അവരുടെ മുഖം പോലും നോക്കാനാവാതെ വാവിട്ട് കരഞ്ഞ രംഗങ്ങള്‍

പോസ്റ്റുമോര്‍ട്ടം ചെയ്ത് വെള്ള തുണികൊണ്ട് മൂടികെട്ടിയാണ് എട്ടു ശരീരങ്ങളും പൊതുദര്‍ശനത്തിനു വെച്ചത്. വെള്ള തുണിയുടെ പുറത്ത് പേരെഴുതിവെച്ചത് ആണ് തിരിച്ചറായാനുള്ള ഏക വഴി. അത്രയ്ക്ക് ഭീകരമാക്കിയിരുന്നു ഓരോ ശരീരവും. ഉറ്റവര്‍ക്ക് അവസാനത്തെ ചുംബനം നല്‍കണമെന്ന് കരയുന്ന ഭാര്യമാരോടും അമ്മമാരോടും കണ്ടാല്‍ പേടിച്ചുപോകും. തുറന്നു കാണിക്കാന്‍ വയ്യ. എന്നായിരുന്നു ശക്തിയില്ലാത്ത വാക്കുകളിലൂടെ മറുപടി നല്‍കിയത്.

രണ്ടുമക്കളും ഇന്ന് ജീവനോടെയില്ല എന്ന സത്യം അറിയിക്കാതെയാണ് പുഷ്പേട്ടന്റെ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും പോതുദര്‍ശനത്തിന് വെച്ച സ്ഥലത്തെത്തിച്ചത്. രണ്ടുപേരും കാണുന്നവരോടൊക്കെ അന്വേഷിക്കുന്നുണ്ട് പുഷ്പനെവിടെയാണ്? സന്തോഷെവിടെയാണെന്നൊക്കെ?

പുഷ്പേട്ടന്‍ എല്ലാവര്‍ക്കും മാതൃകയായി സംഘപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു. മാറാട് ഭീകരവാദം വളരുന്നു എന്ന് സമൂഹത്തോട് തുറന്നു പറഞ്ഞതാണ് പുഷ്പേട്ടന്‍ ചെയ്ത തെറ്റ്. ഒരുറുമ്പിനെ പോലും നോവിക്കാത്ത വ്യക്തിയായിരുന്നു സന്തോഷേട്ടന്‍, സന്തോഷേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച പോലും ആയിട്ടില്ല.

പുഷ്പേട്ടന്റെ അനിയത്തിയെ ആരോ താങ്ങി പിടിച്ച് ചേട്ടന്റെയും അനിയന്റെയും അടുത്തെത്തിച്ചു. വാവിട്ടു കരയുന്നുണ്ടായിരുന്നു, സംസാരിക്കാനും ജന്മനാ അല്പം പ്രശ്നമുണ്ട് ചേച്ചിക്ക്. അതു കഴിഞ്ഞ് അച്ഛന്റെയും അമ്മയുടെയും അടുത്തെത്തി അറിയാവുന്ന പറയാവുന്ന ശക്തിയില്‍ പറയുന്നുണ്ട്, രണ്ടുപേരുമുണ്ട് നിങ്ങള്‍ കാണാന്‍ പോകേണ്ടെന്ന്. പുഷ്പേട്ടന്റെ അച്ഛന്‍ നെഞ്ചിലടിച്ച് ഈശ്വരനെ വിളിച്ച് പൊട്ടിക്കരഞ്ഞ രംഗം ഇന്നും മനസ്സില്‍ മായാതെ വിങ്ങലായി നില്‍ക്കുന്നുണ്ട്.

ഒരു വിധത്തില്‍ താങ്ങിപിടിച്ചാണ് പുഷ്പേട്ടന്റെ അമ്മയെ മക്കളുടെ മൃതദേഹത്തിനരികില്‍ എത്തിച്ചത്. എനിക്കൊന്ന് എന്റെ മകനെ കാണണം അവനെ ഉമ്മവെയ്ക്കണം എന്ന് കരഞ്ഞാവശ്യപ്പെടുന്നുണ്ടായിരുന്നു. (ഒരു തരത്തിലും കാണിച്ചുകൊടുക്കാന്‍ പറ്റാത്ത രീതിയില്‍ വികൃതമാക്കിയിരുന്നു പുഷ്പേട്ടന്റെ ശരീരം. വാളുകൊണ്ട് വെട്ടികൊലപ്പെടുത്തിയിട്ട് മരിച്ചു എന്നുറപ്പായിട്ടും വലിയൊരു പാറക്കെല്ലെടുത്തിട്ട് വികൃതമാക്കിയിരുന്നു ആ ശരീരം.. ) മകനെ അവസാനമായി ഒരു നോക്ക് കാണാന്‍പോലും ആ അമ്മയ്ക്ക് സാധിച്ചു കൊടുക്കാന്‍ കഴിയാതെ മറുപടി പറയാതെ എല്ലാവരും കരച്ചിലായിരുന്നു.

മാറാട്ടെ കടല്‍ത്തിര പോലും ശാന്തമായിരുന്നു, ഭീകരതയുടെ പരീക്ഷണശാലയായി ആ മണ്ണിലെ നരാധമന്മാര്‍ മാറ്റിയെടുക്കും വരെ. ഐഎസ് ലോകമെമ്പാടും ഇന്ന് നടപ്പാക്കുന്ന, ഭീതി വിതച്ചും ഉന്മൂലനം ചെയ്തും മണ്ണു പിടിച്ചെടുക്കാനും മതം വളര്‍ത്താനുമുളള ആദ്യ പരീക്ഷണശാലയായിരുന്നു മാറാട്. കളിച്ചും ചിരിച്ചും, അധ്വാനിച്ചും ജീവിതത്തോട് അടരാടി നിന്ന ഒരു ജനതയ്ക്ക് നേരെ നടന്ന ഏകപക്ഷീയമായ കൂട്ടക്കൊല. ഭരണ പ്രതിപക്ഷത്തെ കൂട്ടു പിടിച്ച് ഇത്തരം ഭീകരവാദി മുന്നേറ്റങ്ങളെ ശക്തിപ്പെടുത്താം എന്ന പരീക്ഷണത്തിലും അവര്‍ ജയിച്ചു.

പക്ഷേ തോല്‍പിക്കാനാവില്ല, ചങ്കില്‍ ചോരയുള്ള പോരാട്ടവീര്യത്തെ എന്ന് മാറാടിന്റെ മക്കള്‍ കാണിച്ചു കൊടുത്തു. അതിനവര്‍ക്ക് കെല്‍പ് നല്‍കിയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും അവര്‍ക്ക് മറക്കാനാവില്ല.

ആഗോള ഭീകരതയുടെ നഴ്സറിയില്‍ നിന്ന് ഉത്പാദക മേഖലയാക്കി കേരളത്തെ മാറ്റുമ്പോള്‍. ഓര്‍ക്കുക മാറാടിന് പറയാനുണ്ട് നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍. മതഭീകരത എങ്ങനെ മനുഷ്യരെ ചെകുത്തന്മാരാക്കുന്നുവെന്ന്. പണവും അധികാരവുമുള്ള അവര്‍ നിങ്ങള്‍ സുരക്ഷിതമെന്ന് കരുതിയുറങ്ങുന്ന ഏത് ഇടങ്ങളിലേക്കും ചോര ചിതറിപ്പിച്ച് പാഞ്ഞടുക്കുമെന്ന്. നിങ്ങളുടെ ചോരയ്ക്ക് മേല്‍ അവര്‍ വീണ്ടും വീണ്ടും ഉന്മൂല പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന്.

മാറാട് ചിലര്‍ക്ക് പരീക്ഷണശാലയായിരുന്നെങ്കില്‍ നമുക്ക് മുന്നറിയിപ്പായി വിങ്ങുന്ന അനുഭവമാണ്. സദായുള്ള ജാഗ്രത പെടലിന്റെ അടയാളങ്ങളാണ്. മതഭീകരതയുടെ വിത്ത് കുത്തിയവര്‍ അത് മുളപ്പിച്ച് തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

ഒരു പ്രശ്‌നവുമില്ലാതിരിക്കെ പാവങ്ങളായ ഒരു ജനതയെ അവരുടെ മണ്ണിലിട്ട് കൂട്ടത്തോടെ വെട്ടിക്കൊല്ലുന്നതിന് കാലാപമെന്ന പേര് വിളിച്ച് അപമാനിച്ചവരാണ് കേരളീയര്‍, മാറാട് നടന്നത് കൂട്ടക്കൂരുതിയായിരുന്നു, ഉന്മൂലനമായിരുന്നു. നാടിനെ ഭീകരതയുടെ വിളനിലമാക്കാനുള്ള ഗൂഡാലോചനയായിരുന്നു. ഇരുവിഭാഗം തമ്മിലുള്ള ഏറ്റുമുട്ടലാക്കി അതിനെ വഴിതിരിച്ചവരെ, കേസ് അന്വേഷണം അട്ടിമറിച്ചവരെ, നിങ്ങളുടെ തലയ്ക്ക് മുകളിലുണ്ട്, ഇന്നവരുടെ ചാവേറുകള്‍. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനിറങ്ങിയ കുറ്റത്തിന് നിങ്ങളെയും കാത്തിരിക്കുന്നുണ്ട് ജനകീയ വിചാരണ.

ബിന്ദു മാറാട്

മാദ്ധ്യമ പ്രവർത്തക

645 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close