മുംബൈ: മുംബൈ ഇന്ത്യന്‍സുമായി നടന്ന നിര്‍ണ്ണായക മത്സരത്തില്‍ അടി തെറ്റിയതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫില്‍ പ്രവേശിച്ചു. സ്കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133, മുംബൈ 16.1 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 134.
മുംബൈ വിജയിച്ചതോടെ കൊല്‍ക്കത്ത,ഹൈദരാബാദ്,പഞ്ചാബ് എന്നീ ടീമുകള്‍ക്ക് 12 പോയിന്റ് വീതമായി.എന്നാല്‍ റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഹൈദരാബാദിന് നറുക്ക് വീഴുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് വേണ്ടി ഓപ്പണര്‍ ക്രിസ് ലിന് 29 പന്തില്‍ 41 റണ്‍സ് നേടി. റോബിന് ഉത്തപ്പ 47 പന്തില്‍ നിന്ന് 40 റണ്‍സ് എടുത്തു.മധ്യ ഓവറുകളില്‍ ഉത്തപ്പക്ക് സ്കോര്‍ ചെയ്യാന്‍ കഴിയാഞ്ഞതും ആേ്രന്ദ റസല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതും കൊല്‍ക്കത്തക്ക് തിരിച്ചടിയായി. മുംബൈക്ക് വേണ്ടി ലസിത് മലിംഗ മൂന്നും ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റും വീഴ്ത്തി.
134 എന്ന ശരാശരി സ്കോര്‍ അനായാസമായി പിന്തുടരാന് മുംബൈക്ക് 16.1 ഓവറുകളേ വേണ്ടി വന്നുള്ളു. ഫോമിലേക്ക് മടങ്ങിയെത്തിയ നായകന് രോഹിത് ശര്‍മ്മയാണ് (55*) മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 27 പന്തില്‍ 46 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുംബൈക്ക് ആകെ നഷ്ടമായ ക്വിന്റന്‍ ഡീക്കോക്കിന്റെ വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയാണ് നേടിയത്.
ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനേയും എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനേയും നേരിടും.















