കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗിയുടെ വൃക്ക തകരാറിലായെന്ന് പരാതി. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ വൃക്കകള്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് തകരാറിലായയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബന്ധുക്കള്‍.
ഏപ്രില്‍ 13 -ാം തീയതിയാണ് ചേമഞ്ചേരി സ്വദേശിയായ ബൈജു പിത്താശയത്തിലെ കല്ല് നീക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. എന്നാല്‍ താക്കേല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ കല്ല് നീക്കം ചെയ്ത് ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരു വൃക്കകളും തകരാറിലായി രോഗി ഗുരുതരാവസ്ഥയിലായി.
തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിക്ക് രണ്ട് തവണ ഡയാലിസിസ് കഴിഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ എഴുതി നല്കി.
ശസ്ത്രക്രിയക്കു ശേഷം പിത്താശയത്തിലെ നീര് പുറത്തേക്ക് പോകാനുള്ള ട്യൂബ് രോഗിയില്‍ ഇട്ടിട്ടില്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സാ രേഖകള്‍ അടക്കം ഡോക്ടര്‍മാര്‍ക്കെതിരെ പരാതിയുമായി ആരോഗ്യ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് രോഗിയുടെ ബന്ധുക്കള്‍.