കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഡച്ചുകാരനായ എൽക്കോ ഷറ്റോരിയെ നിയമിച്ചു. 47 കാരനായ എൽക്കോ ഷറ്റോരിയ്ക്കു പരിശീലന രംഗത്തു 20 വർഷത്തെ പരിചയമുണ്ട്. ഡച്ച് ഫുട്ബോൾ അസോസിയേഷന്റെ യുഇഎഫ് എ പ്രൊ ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് എൽക്കോ.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം ആരാധക വൃന്ദമുള്ള ക്ലബ്ബിനെ പരിശീലിപ്പിക്കുക എന്നത് അഭിമാനകരമായ കാര്യമാണെന്ന് എൽക്കോ പ്രതികരിച്ചു. ടീമിന്റെ ഓരോ മേഖലയിലും കൂട്ടായ ഉത്തരവാദിത്വവും, കളിയോടുള്ള അഭിനിവേശവും, അർപ്പണ ബോധവും ഓരോ കളിക്കാരനിലും ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് ഏറ്റെടുക്കുന്നത്. അതിനായുള്ള പരിശ്രമം ഉടൻ ആരംഭിക്കുകയാണെന്നും എൽക്കോ ഷറ്റോരി പറഞ്ഞു.
ഐ ലീഗിൽ പ്രയാഗ് യുണൈറ്റഡിന്റെ പ്രധാന പരിശീലകനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. പിന്നീട് ഈസ്റ്റ് ബംഗാളിനേയും തുടർന്ന് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യൂണിറ്റഡിനേയും പരിശീലിപ്പിച്ചു. കുറച്ചു കാലം സൗദി അറേബ്യൻ ക്ലബ്ബ് ആയ അൽ എത്തിഫാഖ് ക്ലബ്ബിന്റെ കോച്ച് ആയും സേവനം അനുഷ്ഠിച്ചു.
ഡച്ച് ക്ലബ്ബ് ആയ വിവിവി വെൻലോയിലെ 12 വർഷം നീണ്ട സേവനമാണ് എൽക്കോയുടെ പരിശീലന മികവിന്റെ മികച്ച അദ്ധ്യായങ്ങളിൽ പ്രധാനപ്പെട്ടത്. ക്ലബ്ബിന്റെ യൂത്ത് അക്കാഡമിയിലൂടെ പ്രതിഭകളെ വാർത്തെടുത്ത് പ്രധാന ടീമിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വം അദ്ദേഹം വിജയകരമായി നിർവഹിച്ചു.
എൽകോയിൽ തികഞ്ഞ പ്രതീക്ഷയാണ് ഉള്ളതെന്നും കൂടുതൽ കെട്ടുറപ്പോടെയും , പാഷനോടെയും കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്ക് തിരികെ വരുമെന്നും ബ്ലാസ്റ്റേഴ്സ് സി ഇ ഒ വിരേൻ ഡിസിൽവ അറിയിച്ചു.















