ക്രിക്കറ്റിന്റെ ജന്മനാട്ടിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ട്. മൂന്ന് തവണ കൈയ്യെത്തും ദൂരത്ത് കൈവിട്ട കിരീടം സ്വന്തം മണ്ണിൽ നേടാനുറച്ചാണ് ഓയിൻ മോർഗനും സംഘവും ഇത്തവണ ഇറങ്ങുന്നത്.
1877 ൽ ആദ്യ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് മത്സരം കളിച്ച ഇംഗ്ലണ്ട്, 1971ൽ ഏകദിനത്തിലേക്ക് ക്രിക്കറ്റിനെ ചുരുക്കിയപ്പോൾ ഓസ്ട്രേലിയക്കെതിരെ പോരാടിയതും അതേ ഇംഗ്ലണ്ട് തന്നെ. ക്രിക്കറ്റിന്റെ ചരിത്രത്തേയും വളർച്ചയേയും ഇത്രയേറേ സ്വാധീനിച്ചിട്ടും ഒരു ലോകകപ്പ് നേടാനായിട്ടില്ല ജന്മദേശത്തിന്. 1975 ൽ സെമിയിൽ ഓസിസിന് മുന്നിൽ കീഴടങ്ങിയ ഇംഗ്ലണ്ട് 79 ൽ ഫൈനലിനേക്ക് മുന്നേറിയെങ്കിലും ക്ലൈവ് ലോയിഡിന്റെ സംഘത്തോട് തോറ്റുമടങ്ങി.
1983 ൽ ഇംഗ്ലണ്ടിനെ സെമിയിൽ കീഴടക്കിയ ഇന്ത്യ കലാശപ്പോരാട്ടത്തിൽ വിൻഡീസിനെ അട്ടമറിച്ച് കിരീടത്തിൽ മുത്തമിട്ടു. സ്വന്തം മണ്ണിൽ കൈവിട്ട കിരീടം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന 87 ലെ ലോകകപ്പിലും ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാനായില്ല. ഏഴ് റൺസിനായിരുന്നു ഓസ്ട്രേലിയയോട് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. 1992 ൽ മഴനിയമത്തിന്റെ ആനുകൂല്യത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഫൈനലിൽ എത്തിയെങ്കിലും ഇമ്രാൻ ഖാനും സംഘത്തിനും മുന്നിൽ ഇംഗ്ലണ്ട് തലകുനിച്ച് മടങ്ങി.
1999 ൽ ഇംഗണ്ടിൽ വീണ്ടും ലോകകപ്പെത്തിയെങ്കിലും ആതിഥേയർ നിരാശപ്പെടുത്തി. 92 ശേഷം ഒരിക്കൽപോലും സെമി കടക്കാനാകാത്ത ഇംഗ്ലണ്ടിന് ഇത്തവണത്തെ ലോകകപ്പ് പരീക്ഷണ വേദിയാണ്. ജോണി ബെയർസ്റ്റോയും ജേസൻ റോയും ജോ റൂട്ടും മോർഗനും ജോസ് ബട്ലറും ഉൾപ്പെട്ട ശക്തമായ ബാറ്റിംഗ് നിര. ക്രിസ് വോക്സും ജോഫ്രെ ആർച്ചറും ടോം കറനും മാർക്ക് വുഡും ഉൾപ്പട്ട പേസ് നിര, മത്സരത്തിന്റെ ഗതിമാറ്റാൻ പോന്ന ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സിന്റെയും മൊയിൻ അലിയുടേയും സാന്നിദ്ധ്യം ഇംഗ്ലണ്ടിന്റെ കരുത്ത് കൂട്ടുന്നു.
മൈക്ക് ഗാറ്റിംഗും ഗ്രഹാം ഗൂച്ചും കൈവിട്ട കിരീടം ഇത്തവണ മോർഗനും സംഘത്തിനും നേടാനാകുമോ. ലോക റാങ്കിംഗിൽ മുന്നിലുള്ള ഇംഗ്ലണ്ട് നിരയ്ക്ക് ഇത് സുവർണാവസരമാണ്.















