കാർഡിഫ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. കാർഡിഫിലെ സോഫിയ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നീലപ്പട നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 359 റൺസെടുത്തു. ബംഗ്ലാദേശ് ഇന്നിംഗ്‌സ് 49.3 ഓവറില്‍ 264 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 95 റണ്‍സ് വിജയം.
ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോൾ നായകൻ വിരാട് കോഹ്ലി 47 റൺസുമായി ബാറ്റിംഗ് ദുഷ്കരമല്ലെന്ന സൂചന നൽകി. തുടർന്ന് വന്ന വിജയ് ശങ്കർ രണ്ട് റൺസുമായി മടങ്ങിയപ്പോൾ ഒരു വശത്ത് നങ്കൂരമുറപ്പിച്ചിരുന്ന കെ എൽ രാഹുലിനൊപ്പം മഹേന്ദ്ര സിംഗ് ധോണി ഒത്തു ചേർന്നു. തുടക്കത്തിൽ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്കോറിംഗ് വേഗമുയർത്തിയ ഇരുവരും നിലയുറപ്പിച്ച ശേഷം ബംഗ്ലാദേശ് ബൗളിംഗ് നിരയെ കടന്നാക്രമിക്കുകയായിരുന്നു.
99 പന്തുകളിൽ 12 ഫോറുകളും 4 സിക്സറുകളുമടക്കം ലോകേഷ് രാഹുൽ 108 റൺസ് നേടി. പ്രതാപകാലത്തെ ആക്രമണോത്സുകതയ്‌ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന തരത്തിൽ ബാറ്റ് വീശിയ ധോണി 78 പന്തുകളിൽ നിന്ന് 8 ബൗണ്ടറികളുടെയും 7 സിക്സറുകളുടെയും അകമ്പടിയോടെ 113 റൺസാണ് അടിച്ചു കൂട്ടിയത്. 11 പന്തിൽ 21 റൺസുമായി ഹാർദിക് പാണ്ഡ്യയും 4 പന്തിൽ 11 റൺസുമായി രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ സ്കോറിംഗ് വേഗമുയർത്തിയപ്പോൾ ദിനേശ് കാർത്തിക് 7 റൺസുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അൽ ഹസ്സനും റുബെൽ ഹുസൈനും 2 വീതം വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ മുസ്താഫിസുർ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനും ഷബീർ റഹ്മാനും ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ സ്പിന്‍ കരുത്തിനു മുന്നില്‍ ബംഗ്ലാദേശ് കറങ്ങി വീഴുകയായിരുന്നു. 360 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം മറികടക്കാനുള്ള പോരാട്ട വീര്യം ബംഗ്ലാദേശിന് ഉണ്ടായിരുന്നില്ല. ഓപ്പണര്‍ ലിറ്റന്‍ ദാസ് 90 പന്തില്‍ 10 ബൗണ്ടറികളോടെ 73 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 90 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ യുസ്വേന്ദ്ര ചഹല്‍ 10 ഓവറില്‍ 55 റണ്‍സിന് 3 വിക്കറ്റ് സ്വന്തമാക്കി. ജസ്പ്രീത് ബുംറ 2 വിക്കറ്റും രവീന്ദ്ര ജഡേജ 9.3 ഓവറില്‍ 40 റണ്‍സിന് ഒരു വിക്കറ്റും വീഴ്‌ത്തി.
ഇതോടെ ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ അവസാനിച്ചു. ജൂണ്‍ 5-ന് ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം.















