ഫേസ്ബുക്ക് മേധാവിയായി സുക്കര്‍ബര്‍ഗ് തന്നെ തുടരും.സുക്കര്‍ബര്‍ഗിനെ ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള ഓഹരി ഉടമകളുടെ ശ്രമത്തെ അദ്ദേഹം പരാജയപ്പെടുത്തി. ചെയര്മാന്, സിഇഒ സ്ഥാനങ്ങള്‍ വഹിക്കുന്നത് സുക്കര്‍ബര്‍ഗ് തന്നെയായിരിക്കും. മെയ് 30 നാണ് ഫേസ്ബുക്ക് വാര്‍ഷിക യോഗം ചേര്‍ന്നത്.
സുരക്ഷാ വീഴ്ച്ചയും സ്വകാര്യതയിലെ വിട്ടുവീഴ്ച്ചകളും സംബന്ധിച്ചുള്ള തുടര്‍ച്ചയായ വിവാദങ്ങളില്‍ കമ്പനി നേരിടുന്ന തിരിച്ചടികളാണ് സുക്കര്‍ബര്‍ഗിനെതിരെയുള്ള നീക്കത്തിന് ഓഹരിയുടമകളെ പ്രേരിപ്പിച്ചത്.
പ്രത്യക്ഷത്തില്‍ പ്രതിഷേധങ്ങള്‍ നടത്തിയില്ലെങ്കിലും സുക്കര്‍ബര്‍ഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള ആസൂത്രിത നീക്കം ഓഹരിയുടമകള്‍ നടത്തിയിരുന്നു. ആക്ടിവിസ്റ്റ് സംഘടനകളായ കളര്‍ ഓഫ് ചെയ്ഞ്ച്, മജോരിറ്റി ആക്ഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സുക്കര്‍ബര്‍ഗിനെതിരെയുള്ള നീക്കം നടന്നിരുന്നത്.
ചെയര്മാന് സ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്ന് ഒരു വിഭാഗം ഓഹരിയുടമകള്‍ സുക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരുന്നു. വോട്ടിംഗിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ കാര്യങ്ങള്‍ സുക്കര്‍ബര്‍ഗിന് അനുകൂലമായി. ഡയറക്ടര്‍ ബോര്‍ഡിലെ 60 ശതമാനത്തോളം വോട്ട് അവകാശവും സുക്കര്‍ബര്‍ഗിന് തന്നെയാണ്.