ന്യൂ ഡല്‍ഹി: വാട്സ് ആപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ലോകത്താകമാനം 150 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സ് ആപ്പ്, ഫെയ്സ്ബുക്കിന്റെ ലാഭത്തില്‍ കുറവുണ്ടാക്കുന്നു എന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
വാട്സ് ആപ്പ് സ്റ്റാറ്റസുകളിലാണ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. ഫുള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ മുകളിലേക്ക് സ്വൈപ് ചെയ്താല്‍ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. എന്നാല്‍ വാട്സ് ആപ്പ് നിര്‍മ്മാതാക്കളായ ജാന്‍ കോം, ബ്രയാന്‍ ആക്ഷന്‍ എന്നിവര്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഉപയോക്താക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറി കടന്നു കൊണ്ടുള്ള തീരുമാനമാണ് ഫെയ്സ്ബുക്ക് സ്വീകരിച്ചിരിക്കുന്നത്.
2014-ല്‍ വാട്സ് ആപ്പിനെ 19 ബില്യന്‍ ഡോളറിന് ഫെയ്സ്ബുക്ക് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വാട്സ് ആപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനമായിരിക്കുന്നത്. വാട്സ് ആപ്പിന്റെ ഉപയോഗം കൂടിയതോടെ ഫെയ്സ്ബുക്കിന്റേയും ഫെയ്സ്ബുക്ക് മെസഞ്ചറിന്റേയും സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ ഈ കാര്യം വ്യക്തമാക്കി രംഗത്തു വന്ന സാഹചര്യത്തിലാണ് വാട്സ് ആപ്പ് സ്റ്റാറ്റസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്.