നോട്ടിംഗ്ഹാം: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കുറിച്ച് കംഗാരുപ്പട. നോട്ടിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസീസ് വിജയം 15 റണ്‍സിന്. സ്‌കോര്‍: ഓസ്‌ട്രേലിയ 49 ഓവറില്‍ 288 റണ്‍സിന് എല്ലാവരും പുറത്തായി, വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ മൂന്നാമനായെത്തിയ ഉസ്മാന്‍ ഖ്വാജ 13 റണ്‍സെടുത്ത് മടങ്ങി. ഓസ്‌ട്രേലിയന്‍ നിരയില്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പുറമേ ഒന്നായി കൂടാരം കയറിയപ്പോഴും ഒരറ്റത്ത് സ്റ്റീവ് സ്മിത് ഉറച്ചു നിന്നു. ക്ഷമയോടെ ബാറ്റ് വീശിയ സ്മിത് 73 റണ്‍സ് നേടിയാണ് പുറത്തായത്.
45-ാം ഓവറില്‍ സ്മിത് വീണപ്പോള്‍ മറുവശത്തുണ്ടായിരുന്ന കോട്ടര്‍നൈല്‍ അവസാന സമയത്ത് ആഞ്ഞടിച്ചതാണ് ഓസീസിന് തുണയായത്. 60 പന്തില്‍ 8 ബൗണ്ടറികളും 4 സിക്‌സറുമുള്‍പ്പെടെ കോട്ടര്‍നൈല്‍ അടിച്ചു കൂട്ടിയത് 92 റണ്‍സ്. കോട്ടര്‍നൈല്‍ തന്നെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.
വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത്വെയ്റ്റ് 3 വിക്കറ്റു സ്വന്തമാക്കി. ഒഷെയ്ന്‍ തോമസ്, ഷെല്‍ഡന്‍ കോട്രെല്‍, ആന്ദ്രെ റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റു വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഷായ് ഹോപ്‌സും ജേസന്‍ ഹോള്‍ഡറും മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. 5 വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസ് നിരയുടെ നട്ടെല്ലൊടിച്ചത്.















