മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3 മണിക്കാണ് മത്സരം.
‘പോരാട്ടങ്ങളുടെ മാതാവ്’ എന്ന വിശേഷിപ്പിക്കാവുന്ന പോരാട്ടത്തിനാണ് ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡ് സാക്ഷ്യം വഹിക്കുക. ഇന്ത്യക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ പാകിസ്ഥാന് ഇത് അഭിമാന പ്രശ്‌നം കൂടിയാണ്. കാരണം ലോകകപ്പ് വേദികളില്‍ ഇതുവരെ 6 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എല്ലാത്തിലും വിജയം ഇന്ത്യക്കായിരുന്നു. നാണക്കേട് മാറ്റാന്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ശക്തിപ്രകടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചാണ് ടീം ഇന്ത്യ എത്തുന്നത്. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് കളികളില്‍ നിന്നും 5 പോയിന്റുമായി ഇന്ത്യ നാലാമതും നാല് കളികളില്‍ നിന്നും 3 പോയിന്റുള്ള പാകിസ്ഥാന്‍ നിലവില്‍ ഒന്‍പതാമതുമാണ്.
ഇരു ടീമുകളിലും മാറ്റത്തിനു സാധ്യതയുണ്ട്. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവം ഇന്ത്യ എങ്ങനെ മറികടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശിഖര്‍ ധവാനു പകരം കെ.എല്‍.രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. നാലാം നമ്പറില്‍ വിജയ് ശങ്കറോ ദിനേഷ് കാര്‍ത്തികോ ആവും എത്തുക. മഴ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഓവര്‍ വെട്ടിക്കുറച്ചുള്ള മത്സരത്തിനുള്ള സാധ്യത കണക്കിലെടുക്കുകയാണെങ്കില്‍ ദിനേഷ് കാര്‍ത്തിക്കിനു നറുക്ക് വീഴാനാണ് സാധ്യത കൂടുതല്‍. മൂന്നാമതൊരു പേസറെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ മുഹമ്മദ് ഷമി ടീമിലെത്തും. ഫോമിലല്ലാത്ത കുല്‍ദീപ് യാദവിനു പകരം രവീന്ദ്ര ജഡേജയെ പരിഗണിച്ചേക്കും.
പാകിസ്ഥാന്‍ ടീമില്‍ ശുഐബ് മാലിക് കളിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ആമിര്‍ എന്നിവരിലാണ് പാക് പ്രതീക്ഷ. എന്നും പ്രവചനങ്ങള്‍ക്കതീതരാണ് പാകിസ്ഥാന്‍. ഏതു ചെറിയ ടീമിനോടും തോല്‍ക്കും, ഏത് വമ്പന്‍മാരേയും തോല്‍പ്പിക്കും. കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ വിജയിക്കാവുന്ന മത്സരങ്ങള്‍ കൈവിടുന്ന കാഴ്ചയാണ് ലോകകപ്പിലെ കഴിഞ്ഞ മത്സരങ്ങളിലൂടെ വ്യക്തമായത്.
ഇന്ത്യ-പാക് മത്സരത്തിനു മുന്നോടിയായി ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചു കൊണ്ടുള്ള പരസ്യം പാകിസ്ഥാന്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ പരസ്യത്തിനു ഇന്ത്യ ഇന്നലെ മറ്റൊരു പരസ്യത്തിലൂടെ മറുപടി നല്‍കിയിരുന്നു. ഇന്ത്യയുടെ പരസ്യത്തിനു വന്‍ സ്വീകരണമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും ലഭിച്ചത്.















