ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതിവേഗം കണ്ടെത്താനുള്ള സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം. എല്ലാ ഫോണുകള്‍ക്കും ഉണ്ടാവുന്ന ഐ.എം.ഇ.ഐ നമ്പറുകള്‍ ശേഖരിച്ചാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്.
2017 ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി പരിക്ഷണാടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍ നടപ്പിലാക്കിയിരുന്നു. പുതിയ പദ്ധതിയ്ക്കായി 2019- 20 ഇടക്കാല ബജറ്റില്‍ 15 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നീക്കി വെച്ചിരുന്നു. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഈ പദ്ധതി രാജ്യത്താകമാനം നിലവില്‍ വരും. ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ ശേഖരിച്ച സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ എന്ന പേരിലുള്ള പട്ടിക ഉടന്‍ നിലവില്‍ വരും.
മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്യപ്പെടുകയോ നഷ്ടമാകുകയോ ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കുന്നതിനൊപ്പം ടെലികോം മന്ത്രാലയത്തിലും വിവരം അറിയിക്കണം. ഇതിനായി പ്രത്യേക വെബ്സൈറ്റില്‍ ഐഎംഇഐ നമ്പര്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാം. മെബൈല്‍ ഫോണ്‍ നഷ്ടമായതിന്റെ തെളിവായി പൊലീസില്‍ നിന്നുള്ള റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്തിരിക്കണം. ടെലികോം മന്ത്രാലയം ഈ നമ്പര്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. പിന്നീട് ഈ മൊബൈല്‍ ഫോണ്‍ വഴി ആശയവിനിമയം സാധിക്കില്ല.
ഐഎംഇഐ നമ്പര്‍ മൂന്ന് വിഭാഗങ്ങളിലായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. കവര്‍ച്ച ചെയ്യപ്പെട്ടതും നഷ്ടപ്പെട്ടതുമായ ഫോണുകള്‍ ബ്ലാക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഉപയോഗത്തിലുള്ളവ വൈറ്റ് വിഭാഗത്തിലും ഉള്‍പ്പെടുത്തും.