തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണമായ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്ത്വം ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടാണ് മുഖ്യമന്ത്രിയ്ക്ക്. സാജന്റെ ആത്മഹത്യ ദു:ഖകരമായ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാജന്റെ ബന്ധുക്കളടക്കം ആരോപണം ഉന്നയിച്ച ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ സ്വീകരിച്ചത്.
സാജന്റെ ഭാര്യ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ അന്വേഷണ നടപടികള്‍ തുടങ്ങിയിരുന്നു. ഭരണപരമായ വീഴ്ച അന്വേഷിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്കി .
അതേ സമയം ആത്മഹത്യാ പ്രേരണാകുറ്റത്തിന് പി.കെ.ശ്യാമളയുടെ പേരിലടക്കം കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ വാദം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സംഭവം സിപിഎമ്മിന് എതിരെയാക്കി തിരിച്ചുവിടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സിപിഎമ്മിനെ ആക്രമിക്കാന്‍ പ്രതിപക്ഷം പി ജയരാജനെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നഗരസഭ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയുടെ പരിരക്ഷ വെച്ച് മാന്യമായി ജീവിക്കുന്നവരെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.