പോര്‍ട്ടോ അലേഗ്ര: വെനസ്വേലയെ പരാജയപ്പെടുത്തി അര്‍ജന്റീന കോപ്പ അമേരിക്ക സെമി ഫൈനലില്‍ കടന്നു. ആവേശകരമായി പോരാട്ടത്തിനൊടുവില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന വിജയിച്ചത്. ഇതോടെ ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന സെമി ഫൈനലിനാണ് വേദിയൊരുങ്ങുന്നത്.
കളിയുടെ പത്താം മിനിറ്റിലാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ പിറന്നത്. സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയുടെ കോര്‍ണ്ണര്‍ കിക്കില്‍ അഗ്യൂറോ തൊടുത്ത ഷോട്ട് പോസ്റ്റിലേക്ക് വഴി തിരിച്ചു വിട്ട മാര്‍ട്ടിനെസ് വെനസ്വേലക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തുടര്‍ന്ന് അര്‍ജന്റീന കൂടുതല്‍ ഉണര്‍ന്നു കളിച്ചു. രണ്ടാം പകുതിയിലാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ പിറന്നത്. ഡി പോള്‍ നല്കിയ പാസ് സ്വീകരിച്ച അഗ്യുറോയുടെ ഷോട്ട് ഗോളി തടഞ്ഞെങ്കിലും ഓടിയെത്തിയ സെല്‍സോ അത് ഗോളാക്കി മാറ്റി.
പരാഗ്വായുമായി നിശ്ചിത സമയവും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ബ്രസീലിന് സെമി ഫൈനലിലേക്ക് ടിക്കറ്റ് ലഭിച്ചത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല. തുടര്‍ന്ന് കളി അധിക സമയത്തിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്കോറിനാണ് ബ്രസീല്‍ വിജയിച്ചത്. ബ്രസീലിനായി വില്യനും കുട്ടീഞ്ഞോയും ജീസസും സ്കോര്‍ ചെയ്തപ്പോള്‍ ഫിര്‍മിനോ അവസരം പാഴാക്കിയിരുന്നു.















