ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 7 വിക്കറ്റ് ജയം. 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ലോകേഷ് രാഹുലും ചോർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും സെഞ്ച്വറി നേടി. രോഹിതിന്റെ ഈ ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയായിരുന്നു ഇന്നത്തേത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കൻ നായകന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു ലങ്കയുടെ തുടക്കം. സ്കോർ 60 കടക്കുന്നതിനിടെ തന്നെ നാല് മുൻ നിര വിക്കറ്റുകൾ വീണു. നാല് വിക്കറ്റിലും ധോണി പങ്കാളിയായി. അഞ്ചാം വിക്കറ്റിൽ മാത്യൂസും തിരിമന്നെയും ഒന്നിച്ചതോടെ ലങ്കൻ സ്കോർ ഉയർന്നു. തുടക്കത്തിലേ തകർന്ന ലങ്കയ്‌ക്ക് ഏഞ്ചെലോ മാത്യൂസിന്റെ സെഞ്ച്വറി പ്രകടനമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
തിരിമന്നെ 53 റൺസും മാത്യൂസ് 113 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ധനഞ്ജയ ഡിസിൽവയും കൂടി കളിച്ചതോടെയാണ് ലങ്കൻ സ്കോർ 250 കടന്നത്. ധനഞ്ജയ 29 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ബൂമ്ര മൂന്നും ഭുവനേശ്വർ കുമാർ, ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.















