ലീഡ്സ്: ലോകകപ്പ് ചരിത്രത്തിലെ മറ്റൊരു റെക്കോഡ് കൂടി തിരുത്തപ്പെട്ടു. ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയുടെ പേരിൽ. ഈ ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ സെഞ്ച്വറി തികച്ചതോടെയാണ് രോഹിത് റെക്കോർഡ് തന്റെ പേരിൽ കുറിച്ചത്.
നാല് സെഞ്ച്വറി നേടിയ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് രോഹിത് ശർമ്മ ഇതോടെ മറികടന്നിരിക്കുന്നത്. 2015 ലോകകപ്പിലായിരുന്നു സംഗക്കാര നേട്ടം സ്വന്തമാക്കിയത്.
സെഞ്ച്വറി പ്രകടനത്തോടെ ഈ ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിലും രോഹിത് മുന്നിലെത്തി. 606 റൺസുള്ള ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസനെ മറികടന്നാണ് രോഹിത് ഒന്നാമതെത്തിയത്. 9 മത്സരങ്ങളിൽ നിന്നായ് 647 റൺസാണ് രോഹിത് അടിച്ചുകൂട്ടിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരെയാണ് രോഹിത് ഈ ലോകകപ്പിൽ സെഞ്ച്വറി നേടിയത്.















