Columns

ഇതൊരു ദോശരാജാവിന്റെ കഥയാണ് ; ഒപ്പം നീതിക്ക് വേണ്ടി പോരാടിയ ഒരു പെണ്ണിന്റെ കഥയും കൂടിയാണ്

പ്രമോദ് എ.കെ

ഒരു രാജാവിന്റെ കഥയാണിത്…

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ പുന്നൈ നഗറിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ദക്ഷിണേന്ത്യൻ രുചി , ലോകത്തിന്റെ തീൻമേശയിൽ എത്തിച്ച…ദാരിദ്ര്യത്തിൽ തുടങ്ങി , മുപ്പതിനായിരം കോടി രൂപയുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ദോശരാജാവിന്റെ കഥ .

1947 ൽ തൂത്തുക്കുടിയിൽ ജനനം .
ഏഴാം ക്ലാസ് വിദ്യാഭ്യാസത്തോടെ പഠനം അവസാനിച്ചു . ഉപജീവനത്തിനായി… തൊഴിലന്വേഷിച്ച് മദിരാശിയിലേയ്ക്ക് …

തൊഴിലന്വേഷിച്ചുള്ള കുടിയേറ്റം , ഹോട്ടലുകളിൽ എച്ചിലെടുക്കുന്നതിലും അതേ ഹോട്ടലിൽ വെറും തറയിൽ അന്തിയുറങ്ങുന്നതിലുമെത്തിച്ചു .

അധികം വൈകാതെ , ഒരു നിയോഗമെന്നോണം…ആത്മവിശ്വാസം മാത്രം കൈമുതലാക്കി ആദ്യസംരംഭത്തിലേയ്ക്ക് ആ യുവാവ് വലതുകാൽ വെച്ചിറങ്ങി .

1979ൽ മദിരാശിയിൽ ഒരു പലചരക്കുകടയായിരുന്നു തുടക്കം . അടുത്തതായി…കച്ചവടത്തിന്റെ വിശാലമായ ലോകത്തേയ്ക്കുള്ള യാത്രയിൽ ‘കാമാച്ചി ഭവൻ’ എന്ന ഒരു ഹോട്ടൽ സ്വന്തമാക്കി . മദിരാശിയിൽ അന്നുള്ളതിൽ വളരെ ചെറിയൊരു ഭക്ഷണശാലയായിരുന്നു കാമാച്ചി .

1981ഡിസംബർ പതിന്നാലിന് മകൻ ശരവണന്റെ പേരുചേർത്ത് , ‘ശരവണ ഭവൻ’ എന്ന പേരിൽ ഹോട്ടൽ ആരംഭിച്ചു .

അഞ്ചു രൂപയിൽതാഴെ വിലയുള്ള 23 വിഭവങ്ങളുമായി ഒരു പുതിയ ഭക്ഷണസംസ്കാരം രാജഗോപാൽ എന്ന മുപ്പത്തിനാലുവയസ്സുകാരൻ അവിടെ ആരംഭിയ്ക്കുകയായിരുന്നു .

വളരെ ചെറിയരീതിയിൽ ആരംഭിച്ച ഭക്ഷണശാല ഒന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ പോലീസിനെ തിരക്ക് നിയന്ത്രിക്കാൻ അതിനു മുൻപിൽ വിന്യസിയ്ക്കേണ്ട ഒരു അവസ്ഥയിലേയ്ക്ക് ‘ശരവണഭവൻ ‘ വളർന്നിരുന്നു .

സ്ഥാപനം ശാഖകളായി തമിഴ്നാടിന്റെ വിവിധ ജില്ലകളിലേയ്ക്ക് വളരാനാരംഭിച്ചു . സ്ഥാപകനായ രാജഗോപാൽ ഓരോ ദിവസവും അതിരാവിലെ അഞ്ചു മണിയ്ക്കെഴുന്നേറ്റ് ഒരുങ്ങി…നേരിട്ടെത്തി ദോശയുടെയും ചട്ണിയുടെയും രുചിയും ഗുണനിലവാരവും പരിശോധിയ്ക്കുക പതിവായിരുന്നു .

അതുകൊണ്ടൊക്കെത്തന്നെ , ഒരേ ക്വാളിറ്റി ശരവണഭവൻ എല്ലാ ഹോട്ടലുകളിലും ഒരേപോലെ നിലനിർത്തിയിരുന്നു .

തമിഴ്നാടിന് പുറത്ത് ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനത്തും…അതിനുശേഷം ഡൽഹിയിലടക്കം പല സംസ്ഥാനങ്ങളിലും ‘ശരവണഭവൻ ‘ ബ്രാഞ്ചുകൾ ആരംഭിച്ചു.

ഒരു വ്യക്തിയിൽ ആരംഭിയ്ക്കുന്ന പല സംരംഭങ്ങളും തലമുറകളിലൂടെ കടന്നുപോകുമ്പോൾ സംസ്ഥാനം വിട്ട് മറ്റിടങ്ങളിലേയ്ക്ക് വളരുന്നത് നാം കണ്ടിരിയ്ക്കും . എന്നാൽ ആരംഭിച്ച വ്യക്തിയിലൂടെത്തന്നെ…. അതേ കാലഘട്ടത്തിൽ , രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ച്…കടൽ കടന്ന് ആ സ്ഥാപനം ശാഖകളും ഉപശാഖകളുമായി വളർന്നത് നമുക്കിവിടെ കാണാൻ കഴിയുന്നു .

ഇന്ത്യക്ക് പുറമേ അമേരിക്കയിലും ലണ്ടനിലും ഫ്രാൻസിലും ചൈനയിലും ഓസ്ട്രേലിയയിലും ഗൾഫ് രാജ്യങ്ങളിലും മലേഷ്യയിലും ശരവണഭവൻ ഹോട്ടലുകൾ ആരംഭിച്ചു .

ദക്ഷിണേന്ത്യയുടെ സ്വത്തായിരുന്ന ദോശയും ഇഡ്ഡലിയും ഒരു ആഗോളബ്രാൻഡാക്കി മാറ്റാൻ രാജഗോപാൽ എന്ന തമിഴ്നാട്ടുകാരന് കഴിഞ്ഞു.

ചെറിയ മുതൽമുടക്കിൽ ആരംഭിച്ച ‘ശരവണഭവൻ ‘ എന്ന ഈ ബ്രാൻഡ് , നിലവിൽ 30,000 കോടിയിലധികം രൂപയുടെ ആസ്തിയുമായി കച്ചവടലോകത്ത് തലയുയർത്തി നിൽക്കുന്നു.

ഇത്രയൊക്കെ ആയപ്പോഴും മദിരാശിയിലെ K.Kനഗറിൽ കിട്ടുന്ന…ചൈനയിലെ ഷാങ്-ഹായ് ൽ കിട്ടുന്ന…മലേഷ്യയിലെ ക്വാലാലംപൂരിൽ കിട്ടുന്ന ശരവണഭവന്റെ ദോശയ്ക്കും ചട്ണിയ്ക്കും ഒരേ രുചിയും ഒരേ ഗുണനിലവാരവും ആയിരുന്നു . അതായിരുന്നു രാജഗോപാൽ എന്ന ‘ദോശ രാജാവ്’ ആ ആലങ്കാരിക പദവിയോട് കാണിച്ച നീതിയും അർപ്പണമനോഭാവവും.

വളർച്ചയുടെ പടവുകൾ പിന്നിടുമ്പോൾ രാജഗോപാൽ പിന്നിട്ട വഴികൾ മറന്നില്ല . സ്വന്തം നാട്ടുകാരായ ഒട്ടേറെപ്പേർക്ക് തൊഴിൽ നൽകാനും അങ്ങനെ കൂടെക്കൂടിയവരെ സ്വന്തം കുടുംബം പോലെ കാണാനും അദ്ദേഹത്തിന് കഴിഞ്ഞു . തന്റെ ആരാധനാമൂർത്തികൾക്ക് , അവരുടെ വാസസ്ഥലങ്ങൾക്ക് കഴിയാവുന്ന രീതിയിൽ സഹായം ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചു .

‘വെട്രി മേൽ ആസൈ വെയ്ത്ത് ‘ എന്ന പേരിൽ രാജഗോപാലിന്റെ ആത്മകഥയും പുറത്തിറങ്ങി . കയ്പുനിറഞ്ഞ ബാല്യത്തിൽ നിന്നും ആത്മവിശ്വാസം കൈമുതലാക്കി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഒരു ദോശരാജാവിന്റെ ‘ കഥയാണിത് .

വളർച്ചയുടെ പടവുകളിൽ അദ്ദേഹത്തോടൊപ്പമോ.. അദ്ദേഹത്തേക്കൾ വേഗമോ…വിശ്വാസവും അന്ധവിശ്വാസവും നടന്നുകയറിക്കൊണ്ടേയിരുന്നു .

‘മടിപ്പാക്കം രവി ‘ എന്നൊരു ജ്യോതിഷിയെ അദ്ദേഹം എന്തിനും ഏതിനും കൂടെനിർത്തി . ജ്യോതിഷിയുടെ വാക്കുകൾ വിജയത്തിലേയ്ക്ക് നയിയ്ക്കുന്നതോടൊപ്പം രാജഗോപാലനെ തന്റെ കുഴിതോണ്ടുന്നതിലേയ്ക്കും കൂട്ടിക്കൊണ്ടുപോയി.

ഇരുപത് വയസ്സുള്ള ഇളംപെണ്ണിനെ വിവാഹം കഴിച്ചാൽ , ജീവിതത്തിലും വ്യാപാരത്തിലും ‘വെച്ചടി വെച്ചടി’ കയറ്റമുണ്ടാവും എന്ന് ഈ ജ്യോതിഷി പ്രവചിച്ചു . ഇതുകേട്ട , 53 വയസ്സുകാരനായ രാജഗോപാൽ തന്റെ മൂന്നാം വിവാഹത്തിന് കരുക്കൾ നീക്കി.

അങ്ങനെ അവർ കണ്ടെത്തിയ പെൺകുട്ടി രാജഗോപാലിന്റെ സ്വന്തം സ്ഥാപനത്തിലെ മാനേജരായ രാമസ്വാമിയുടെ മകൾ ജീവജ്യോതിയായിരുന്നു.

ശരവണഭവനിലെത്തന്നെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാറുമായി പ്രണയത്തിലായിരുന്നു ജീവജ്യോതി . 1999ൽ ഇവർ വിവാഹിതരായി . ജീവജ്യോതി- പ്രിൻസ് ദമ്പതികളെ പണമായും സ്വർണമായും സഹായങ്ങൾ നൽകി കൂടെനിർത്താൻ രാജഗോപാൽ ശ്രദ്ധിച്ചു .

രണ്ടു ഭാര്യമാരുള്ള രാജഗോപാൽ , വിവാഹിതയായ ജീവജ്യോതിയെ പലപ്പോഴായി തന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചു . ഓരോ തവണ ഇക്കാര്യം പറയുമ്പോഴും…ഓരോ തവണ ശ്രമങ്ങൾ നടത്തുമ്പോഴും ജീവജ്യോതി പ്രതിരോധിച്ചുകൊണ്ടേയിരുന്നു .

ജീവജ്യോതിയുമായുള്ള ദാമ്പത്യത്തിൽ നിന്നും പിൻവാങ്ങാൻ പ്രിൻസിന് നല്ലൊരു തുകയും രാജഗോപാൽ ഓഫർ ചെയ്തു . കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു . ഒരുനാൾ , ഒരു ഗുണ്ടാ സംഘത്തിന് നല്ലൊരു തുക ക്വട്ടേഷൻതുകയായി നൽകി രാജഗോപാൽ പ്രിൻസിനെ വധിയ്ക്കാൻ പദ്ധതിയിട്ടു .

രാജഗോപാലിന്റെ ഗുണ്ടാസംഘം പ്രിൻസിനെ തട്ടിക്കൊണ്ടുപോയെങ്കിലും ,കഥകൾ മനസ്സിലാക്കിയ…മനസ്സാക്ഷിക്കുത്തുള്ള… നല്ലവനായ ഗുണ്ടാത്തലവൻ പ്രിൻസിനെ വെറുതേവിട്ടു . പ്രിൻസിനെ കൊന്നുകളഞ്ഞെന്ന് അയാൾ രാജഗോപാലിനോട് കളവും പറഞ്ഞു .
കുറച്ചുദിവസങ്ങൾക്കുശേഷം രാജഗോപാൽ സത്യം മനസ്സിലാക്കി . അതോടെ രാജഗോപാൽ ജീവജ്യോതിയെ ബലമായി കടത്തിക്കൊണ്ടുപോയി ചില ആഭിചാരക്രിയകൾ നടത്തി . ഇത്രയുമായപ്പോഴേയ്ക്കും ദമ്പതികൾ ഗത്യന്തരമില്ലാതെ മദിരാശി ഉപേക്ഷിച്ച് മറ്റൊരിടത്തേയ്ക്ക് താമസം മാറി .

വിടാൻ ഭാവമില്ലാതിരുന്ന രാജഗോപാൽ തന്റെ സ്ഥാപനത്തിലെ മാനേജരെയും ഒരു ഡോക്ടറെയും കൂട്ടുപിടിച്ച് പ്രിൻസിന് മാരകമായ അസുഖമാണെന്നും അത് എയ്ഡ്സ് ആണെന്നും ജീവജ്യോതിയെ ധരിപ്പിയ്ക്കാൻ ശ്രമിച്ചു .

രാജഗോപാലിന്റെ ആ ശ്രമം പരാജയപ്പെടുകയാണുണ്ടായത് . കൺവെട്ടത്തു നിന്നും രക്ഷപ്പെട്ട ദമ്പതികളിൽ പ്രിൻസ് , വീണ്ടും തിരുച്ചെന്തൂരിൽ വെച്ച് രാജാഗോപാലിന്റെ ഗുണ്ടകളുടെ ആക്രമണത്തിനിരയായി . സാരമായി പരിക്കേറ്റ പ്രിൻസ് ഒളിച്ചോട്ടമവസാനിപ്പിച്ച് ജീവജ്യോതിയെയും കൂട്ടി 2001 ൽ രാജഗോപാലിനെതിരെ പോലീസിൽ പരാതി നൽകി .

പ്രകോപിതനായ രാജഗോപാൽ… ഡാനിയൽ, വിശ്വനാഥൻ, സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾക്ക് നല്ലൊരു തുകയ്ക്ക് പ്രിൻസിനെ വധിയ്ക്കാൻ ക്വട്ടേഷൻ നൽകുകയും അവർ പ്രിൻസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തു .

അന്വേഷണം ഊർജ്ജിതമായപ്പോൾ പ്രതികൾ ഓരോരുത്തരായി പിടിയിലായി . പ്രതികളുടെ മൊഴിപ്രകാരം പ്രിൻസിന്റെ ശവശരീരം കൊടൈക്കനാൽ വനമേഖലയിൽ നിന്നും കണ്ടെടുത്തു . അന്വേഷണത്തിന്റെ ഒരറ്റം രാജഗോപാലിൽ എത്തി നിന്നു . പ്രതി-സാക്ഷിമൊഴികളും തെളിവുകളും രാജഗോപാലിനെ കുരുക്കിലാക്കി.

വിചാരണയുടെ ഓരോഘട്ടത്തിലും രാജഗോപാലിന്റെ സ്വാധീനവും പണക്കൊഴുപ്പും ജീവജ്യോതിയെ ദുർബലയാക്കാൻ ശ്രമം നടത്തിക്കൊണ്ടേയിരുന്നു . എല്ലാത്തിനും കൂടെ നിൽക്കും എന്നു കരുതിയ സഹോദരന്മാർ പോലും രാജഗോപാലിന്റെ പണക്കൊഴുപ്പിനുമുന്നിൽ വഴുതിമാറി അയാളുടെ പക്ഷത്തേയ്ക്ക് കൂറുമാറി .

ഒരുഘട്ടത്തിൽ ജീവജ്യോതിയെ വിലയ്ക്കെടുക്കാൻ രാജഗോപാൽ ശ്രമം തുടങ്ങി . കേസിൽ നിന്നും പിൻമാറാൻ ഓഫർ ചെയ്ത തുക 6 ലക്ഷം രൂപയിൽ തുടങ്ങി അനേകലക്ഷങ്ങളിലേയ്ക്ക് ഓടിക്കയറി . ജീവജ്യോതി തരിമ്പും പുറകോട്ടു പോയില്ല.

ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് ജീവജ്യോതി മുന്നോട്ടുപോയത് ഒന്നും രണ്ടുമല്ല… നീണ്ട 18 വർഷങ്ങളായിരുന്നു .

2004ൽ വിചാരണക്കോടതി വിധിച്ച 10 വർഷം കഠിനതടവ് രാജഗോപാലിന്റെ അപ്പീലിൽ ഹൈക്കോടതിയിലെത്തി . ഹൈക്കോടതി വിധിച്ച ജീവപര്യന്തം ചോദ്യം ചെയ്തുകൊണ്ട് രാജഗോപാൽ സുപ്രീംകോടതിയിലെത്തി .

ഒരു ഘട്ടത്തിൽ ജയിലിലടയ്ക്കപ്പെട്ട രാജഗോപാൽ , കുടുംബാംഗങ്ങൾക്ക് തന്നെ വന്നുകാണാനും അവർ കൊണ്ടുവരുന്ന വീട്ടുഭക്ഷണം കഴിയ്ക്കാനും മാസം ഒരുലക്ഷം രൂപയാണ് കൈക്കൂലിയായി കൊടുത്തുകൊണ്ടിരുന്നത്.

നീതിയ്ക്കുവേണ്ടി ജീവജ്യോതി സുപ്രീംകോടതിയിലും പോരാട്ടം നടത്തി .
10 വർഷം കഴിഞ്ഞ് കേസ് പരിഗണിച്ച സുപ്രീംകോടതി രാജഗോപാലിനോട് കീഴടങ്ങാനാവശ്യപ്പെട്ടു.

ആരോഗ്യനില ചൂണ്ടിക്കാട്ടിയ രാജഗോപാൽ ഒരു മാസം സമയം നേടിയെടുത്തു . ആ കാലാവധിയ്ക്ക് ശേഷം വീണ്ടും സമയം കൂടുതൽ ആവശ്യപ്പെട്ട പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി.

രാജഗോപാൽ പുഴൽ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു . ശാരീരികമായി അവശനായ അയാളെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി . ഹൃദ്രോഗബാധിതനായിത്തീർന്ന പ്രതിയ്ക്ക് ഇതിനകം ആശുപത്രിയിൽ രണ്ടു തവണ ഹൃദയാഘാതമുണ്ടായി .

മകന്റെ ഉത്തരവാദിത്തത്തിൽ ചെന്നൈ വടപളനി ‘വിജയ ‘ ആശുപത്രിയിൽ അത്യാസന്നനിലയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട രാജഗോപാൽ ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ മരണമടഞ്ഞു .

ദക്ഷിണേന്ത്യയുടെ സ്വന്തം വിഭവമായിരുന്ന ദോശയുടെ രുചി , അമേരിക്കയിലും ലണ്ടനിലും ചൈനയിലും പ്രശസ്തമാക്കിയ തമിഴ്നാട്ടുകാരന്റെ സ്വന്തം ‘അണ്ണാച്ചി’യെ ന്യൂയോർക്ക് ടൈംസ് ആദരവോടെ വിശേഷിപ്പിച്ചത് ‘കിംഗ് ഓഫ് ദോശ’ എന്നാണ് .

തന്റെ മരണത്തിന്റെ പേരിൽപോലും സ്ഥാപനം അടച്ചിടുകയും അന്നം തേടി വരുന്നവർക്ക് അന്നം നിഷേധിയ്ക്കുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യരുതെന്ന് രാജഗോപാൽ നേരത്തേത്തന്നെ പറഞ്ഞുറപ്പിച്ചിരുന്നു .

അതുകൊണ്ടുതന്നെ, രാജഗോപാൽ മരണപ്പെട്ട ഇന്നലെയും ശരവണഭവൻ ഹോട്ടലുകൾ തുറന്നുപ്രവർത്തിച്ചു…ഒരു സാധാരണദിവസം പോലെത്തന്നെ അവർ അന്നമൂട്ടി . ഒരേയൊരു മാറ്റം മാത്രം ഉണ്ടായി… ‘ശരവണഭവൻ ‘ അല്പം നേരത്തെ.. രാത്രി 8 മണിയോടുകൂടി ഇന്നലത്തെ കച്ചവടം അവസാനിപ്പിച്ചു .

പണമോ വിദ്യാഭ്യാസമോ കച്ചവടപാരമ്പര്യമോ കൈമുതലായില്ലാതിരുന്ന ഒരു സാധാരണക്കാരന് , എങ്ങനെ ഒരു നല്ല കച്ചവടക്കാരനാവാം എന്നും ഒരു സംരംഭകനാവാം എന്നും എങ്ങനെ ഒരു കോടീശ്വരനായി വളരാം എന്നും രാജഗോപാൽ ജീവിതം കൊണ്ട് രേഖപ്പെടുത്തി .

അതേസമയംതന്നെ…ഒരു കച്ചവടക്കാരനോ ഒരു സാധാരണ മനുഷ്യനോ ആവട്ടെ.. ഉന്നതിയിൽനിന്നും എങ്ങനെ ‘ഒരു മനുഷ്യൻ മോശക്കാരനാകുന്നു ‘ എന്നും…എങ്ങനെ ‘ഒരു മോശക്കാരനാവരുത് ‘ എന്നും ‘ശരവണഭവൻ രാജഗോപാലന്റെ ‘ ജീവിതം നമുക്ക് കാണിച്ചുതരുന്നു .

‘ശരവണഭവൻ’ ഇന്നും തലയുയർത്തി നിൽക്കുന്നു . അന്നം പുണ്യമാണ്… ഈശ്വരനാണ് . അതിനാൽത്തന്നെ ,നന്മയുടെ പാതയിൽ ഒരു അന്നദാതാവായി ശരവണഭവൻ എന്നും നിലനിൽക്കട്ടെ എന്നാശംസിയ്ക്കുന്നു.

നൻമകൊണ്ട് ജീവിതം കരുപ്പിടിപ്പിച്ച രാജഗോപാൽ ക്ഷണിച്ചുവരുത്തിയ തെറ്റുകളുടെ കൂമ്പാരത്തിൽ ഒടുങ്ങി .

സ്വന്തം റാണിയും സിംഹാസനവും രാജ്യവുമുൾപ്പെട്ട സാമ്രാജ്യമുണ്ടായിരുന്നിട്ടും, ധീരയായ ഒരു രാജകുമാരിയെ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ച്…അവളുടെ പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം തോറ്റുപോയ… മരണത്തിനു കീഴടങ്ങിയ….രുചിപ്പെരുമകൊണ്ട്
പല ദേശങ്ങൾ കീഴടക്കി ഒരു ‘ദോശസാമ്രാജ്യം’ സൃഷ്ടിച്ച ഒരു ‘ദോശരാജാവിന്റെ കഥ’ ഇവിടെ പൂർണ്ണമാകുന്നു…!

457 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close