ലോർഡ്സ്: ലോകകിരീടം ചൂടിയ അതേ വേദിയിൽ ലോക ചാമ്പ്യൻമാരെ ഞെട്ടിച്ച് അയർലൻഡ്. ഇംഗ്ലണ്ട് – അയർലൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലാണ് ലോകകപ്പ് ജേതാക്കളെ 85 റൺസിന് അയർലൻഡ് പുറത്താക്കിയത്. ഇംഗ്ലണ്ടിനെ കിരീടനേട്ടത്തിലെത്തിച്ച ജേസൺ റോയ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ക്രിസ് വോക്സ് തുടങ്ങിയവരടങ്ങുന്ന നിരയെയാണ് അയർലൻഡ് ബൗളർമാർ നിലംതൊടീക്കാതെ കൂടാരം കയറ്റിയത്.
13 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ടിം മുര്‍ത്താഗാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. 3 താരങ്ങൾ മാത്രം രണ്ടക്കം കടന്നപ്പോൾ മൂന്ന് താരങ്ങൾ റൺസൊന്നുമെടുക്കാതെയാണ് മടങ്ങിയത്. 23 റൺസെടുത്ത ജോ ഡെൻലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സാം കറൻ 18 ഉം പത്താമനായിറങ്ങിയ ഒല്ലി സ്റ്റോൺ 19 റൺസുമെടുത്തു. ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ജോ റൂട്ടിന് രണ്ട് റൺസ് മാത്രമാണെടുക്കാനായത്.
ലോർഡ്സിൽ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു മുൻപ് ഇംഗ്ലണ്ട് പുറത്താകുന്നത് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമാണ്.















