ബെയ്ജിങ്: ഇന്ത്യയിലെ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ പേരില്‍ അനുമതിയില്ലാതെ സ്വകാര്യബാങ്കിന്റെ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് ) അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് ട്രൂകോളര്‍ സ്ഥാപകന്‍ നാമി സറിംഗാലം. സോഫ്റ്റ്വെയറിലെ സാങ്കേതിക പിഴവായിരുന്നു കാരണമെന്നും എല്ലാവരുടെയും രജിസ്ട്രേഷന് റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
ആയിരക്കണക്കിന് ട്രൂകോളര്‍ ഉപയോക്താക്കള്‍ക്ക് ബാങ്കില്‍ നിന്നും കഴിഞ്ഞ ദിവസമാണ് your registration for upi app has started എന്ന സന്ദേശം എത്തിയത്. എന്നാല്‍ സന്ദേശം ലഭിച്ചവരാരും രജിസ്ട്രേഷന് ചെയ്യാന്‍ ശ്രമിച്ചിരുന്നില്ല.
ഉപയോക്താവിന്റെ അറിവോടെയല്ലാതെ ബാങ്കിന് ട്രൂ കോളര്‍ എന്‍ക്രിപ്റ്റഡ് എസ്എംഎസ് അയച്ചതായിരുന്നു ഇതിനു കാരണം. സംഭവം സമൂഹമാധ്യമങ്ങള്‍ വഴി ആളുകള്‍ പോസ്റ്റ് ചെയ്തതോടെയാണ് നാമി പരസ്യമായി മാപ്പ് പറഞ്ഞത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്ക്കാതെ മൊബൈല്‍ ഫോണ്‍ വഴി മറ്റൊരാള്‍ക്ക് പണം കൈമാറുന്ന രീതിയാണ് യുപിഐ. ഇതാണ് ട്രൂ കോളറില്‍ രജിസ്റ്റര്‍ ചെയ്തത്.
ഫോണ്‍ നമ്പറുകളുടെ വിവരങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനമാണ് ട്രൂകോളര്‍. ഇന്ത്യയില്‍ 15 കോടി ഉപയോക്താക്കള്‍ ട്രൂകോളര്‍ ഉപയോഗിക്കുന്നുണ്ട്.