വാട്ട്സ് ആപ്പ് 1000 ജിബി ഇന്റര്‍നെറ്റ് സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന സന്ദേശം വ്യാജം. സൈബര്‍ സുരക്ഷാ സ്ഥാപനം ഇസെറ്റിനെ ഉദ്ധരിച്ച് ഫോര്‍ബസ് ആണ് സന്ദേശം വ്യാജമാണെന്നും ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാവരുതെന്നുമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വാട്ട്സ് ആപ്പ് സൗജന്യമായി 1000 ജിബി ഇന്റര്‍നെറ്റ് നല്‍കുന്നുവെന്ന സന്ദേശത്തോടൊപ്പം ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന സര്‍വേ പൂര്‍ത്തിയാക്കുകയും സന്ദേശം മുപ്പത് പേര്‍ക്ക് വാട്ട്സ് ആപ്പിലൂടെ അയയ്ക്കുകയും ചെയ്താല്‍ ഡാറ്റ ലഭിക്കുമെന്നായിരുന്നു പ്രചാരണം.
സന്ദേശത്തിന് പിന്നില്‍ മാല്വെയറുകളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇ സെറ്റിലെ ഗവേഷകര്‍ വ്യക്തമാക്കി. സൈബര്‍ കുറ്റവാളികള്‍ക്ക് വരുമാനം ഉണ്ടാക്കുന്നതിന് മാത്രമാണ് സന്ദേശത്തിനൊപ്പമുള്ള ലിങ്ക് പ്രവര്‍ത്തിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാല്‍വെയറുകള്‍ അടങ്ങുന്ന ലിങ്കുകളാക്കി സന്ദേശം പ്രചരിപ്പിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ അറിയിച്ചു.
ഈ സന്ദേശം ലഭിക്കുന്നവര്‍ ലിങ്ക് തുറക്കരുതെന്നും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.