ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുന്ന പേമെന്റ് സേവനത്തിന്റെ വിവരങ്ങളുടെ പ്രാദേശികവല്കണം(ഡാറ്റ ലോക്കലൈസേഷന്‍) സംബന്ധിച്ച് സര്‍ക്കാര്‍ നല്കിയ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റിസര്‍വ് ബാങ്കിനോട് സുപ്രീംകോടതി. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
പേമെന്റ് സേവനം നല്കുന്ന വിദേശകമ്പനികള്‍ ഇന്ത്യന്‍ ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നതുള്പ്പെടെയുള്ള നിബന്ധനകള്‍ കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചത്. ഇതിനെ തുടര്‍ന്ന് വാട്സ്ആപ്പ് പേമെന്റ് സേവനം ഇന്ത്യയില്‍ പൂര്‍ണതോതില്‍ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. വാട്സ്ആപ്പ് പേമെന്റ് സേവനം ഒരു വര്‍ഷത്തിലേറെയായി ചുരുക്കം ചില ഉപയോക്താക്കള്‍ക്കിടയില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
എന്നാല്‍ ഈ വര്‍ഷം ജൂണില്‍ നിബന്ധനകളെ സംബന്ധിച്ചു റിസര്‍വ് ബാങ്ക് വ്യക്തത വരുത്തിയിരുന്നു. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന പണമിടപാടുകള്‍ വിദേശ സെര്‍വറുകളില്‍ പ്രോസസ് ചെയ്യാം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കൊണ്ടുപോകുന്ന ഡാറ്റ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ സെര്‍വറുകളില്‍ തിരികെയെത്തിക്കണമെന്നുമാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.
ഇതിനിടെ റിസര്‍വ്ബാങ്ക് നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കാണിച്ചു വാട്സ്ആപ്പ് പേമെന്റിനെതിരെ സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീംകോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ വാട്സ്ആപ്പ് പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ വാട്സ്ആപ്പ് പേമെന്റിന് തുടക്കമിടാനൊരുങ്ങുകയാണെന്നും കമ്പനിയുടെ ഗ്ലോബല്‍ മേധാവി വില്‍ കാത്കാര്‍ട്ട് അറിയിച്ചു.