ഐഫോണുകളില്‍ ഉപയോഗിക്കുന്ന ഫെയ്സ് ഐഡി സാങ്കേതിക വിദ്യ കണ്ണട ഉപയോഗിച്ച് തുറക്കാമെന്ന് ടെന്‍സന്റ് ഗവേഷകര്‍. ബ്ലാക്ക് ഹാറ്റ് സുരക്ഷാ സമ്മേളനത്തിന്റെ സമാപന ദിവസമാണ് ടെന്‍സന്റിലെ ഗവേഷകര്‍ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.
കണ്ണടയും ടേപ്പും ഉപയോഗിച്ച് ഫെയ്സ് ഐഡിയെ കബളിപ്പിക്കാം. ഒരാള്‍ കണ്ണട ധരിച്ച് ഫോണ്‍ അണ്‍ലോക് ചെയ്യുമ്പോള്‍ കണ്ണിന്റെ ഡേറ്റ് ശേഖരിക്കുന്നില്ല എന്നാണ് കണ്ടെത്തല്‍.
കണ്ണട വച്ച ശേഷം മുഖം സ്കാന്‍ ചെയ്യുമ്പോള്‍ ഐഫോണുകളുടെ ഫെയ്സ് ഐഡി സിസ്റ്റം ലൈവ്നസ് ഫീച്ചര്‍ ഉപയോഗിച്ചു കണ്ണു സ്കാന്‍ ചെയ്യുന്ന രീതിക്കു മാറ്റം വരുന്നു. കണ്ണടയും ലെന്‍സില്‍ കറുത്ത ടേപ്പ് ഒട്ടിക്കുകയും അതിന് ഉള്‍വശത്ത് വെളുത്ത ടേപ്പ് ഒട്ടിക്കുകയും ചെയ്താണ് ഫെയ്സ് ഐടി തുറക്കാം. ഇത്തരം കണ്ണട ഇരയുടെ മുഖത്തു വച്ച് ഐഫോണുകള്‍ അണ്‍ലോക് ചെയ്യാമെന്ന് ഗവേഷകര്‍ പറഞ്ഞു.
എന്നാല്‍ പ്രായോഗിക തലത്തില്‍ ഇത് വലിയ സുരക്ഷാ ഭീഷണിയല്ലെന്നു ഒരു വിഭാഗം വാദിച്ചു. ഐഫോണ്‍ ഉടമ ഉറങ്ങിക്കിടക്കുമ്പോഴോ അബോധാവസ്ഥയിലായിരിക്കുമ്പോഴോ അല്ലെങ്കില്‍ ബലമായി പിടിച്ചുനിറുത്തിയോ മാത്രമെ ഇത്തരം കണ്ണട വച്ചു ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ സാധിക്കുകയുള്ളു. ഉടമ അബോധാവസ്ഥയിലായിരിക്കുമ്പോഴാണ് ഇത് കൂടുതല്‍ എളുപ്പമാവുക.
ആപ്പിള്‍ ഇതേപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതോടെ പ്രശ്നം എത്രയും വേഗം പരിഹരിക്കാനായുള്ള ശ്രമങ്ങള്‍ ആപ്പിള്‍ എന്‍ജിനിയര്‍മാര്‍ തുടങ്ങിയെന്നാണ് സൂചന.