ന്യൂഡല്‍ഹി: രാജ്യം 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തി ട്വിറ്റര്‍. അശോക ചക്രത്തിന്റെ സ്വാതന്ത്രദിന ഇമോജിയാണ് ബുധനാഴ്ച ട്വിറ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, പഞ്ചാബി, മറാത്തി, ഗുജറാത്തി, ബംഗാളി, ഒറിയ തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ഓഗസ്റ്റ് 18 വരെ ഇമോജി ട്വിറ്ററില്‍ ലഭ്യമാകും.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിന സംഭഷണങ്ങളില്‍ പങ്കെടുക്കാനും #IndianIndependenceDay, #IDayIndia എന്നീ ആഷ് ടാഗുകള്‍ ഉപയോഗിച്ചും ഈ ഇമോജി ട്വിറ്ററില്‍ ആസ്വാദിക്കാം.
സ്വാതന്ത്യദിന ഇമോജി ഇന്ത്യന്‍ ഭാഷകളെയും സംസ്കാരത്തെയും പ്രതിധ്വനിപ്പിക്കുന്നുവെന്നും ഈ ചരിത്രദിനം ആഘോഷിക്കാന്‍ ട്വിറ്ററും ഒപ്പം ചേരുന്നുവെന്നും ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു. അശോക ചക്രത്തിന്റെ പ്രത്യേകമായി രൂപകല്പന ചെയ്ത ഇമോജി ധര്‍മ്മചക്രത്തിന്റെ ചിത്രീകരണമാണ്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ട്വിറ്റര്‍ പുറത്തിറക്കുന്ന ഇമോജിയുടെ അഞ്ചാം പതിപ്പാണിത്. ചെങ്കോട്ട, ഇന്ത്യന്‍ പതാക, തുടങ്ങിയ സര്‍ഗാത്മകമായ ചിഹ്നങ്ങളെ മുന്‍ വര്‍ഷങ്ങളില്‍ ട്വിറ്റര്‍ ഇമോജികളില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.