വാഷിംഗ്ടണ്‍: ചില ആപ്പിള്‍ ലാപ്ടോപ്പുകള്‍ക്ക് വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തിയതായി ഫെഡറല്‍ സേഫ്റ്റി അധികൃതര്‍ അറിയിച്ചു. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത മുന്‍നിര്‍ത്തി ആപ്പിള്‍ ലാപ്ടോപ്പുകള് തിരിച്ചുവാങ്ങിയിരുന്നു. ഇതുസംബന്ധിച്ചു വിമാനക്കമ്പനികള്‍ക്കും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയതായും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചു.
ചെക്കിന് ബാഗുകളില്‍ സൂക്ഷിക്കുന്ന ലാപ് ടോപ്പുകള്‍ പൊട്ടിത്തെറിക്കുന്നത് വിമാനത്തിനു തീപിടിക്കാന്‍ വരെ ഇടയാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.
നേരത്തെ ലിഥിയം അയണ്‍ ബാറ്ററികള്‍ക്കും ഇവ മൂലം പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍ക്കും വിമാനങ്ങളുടെ കാര്‍ഗോയില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞമാസമാണ് പഴയ 15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്ടോപ്പുകള് ആപ്പിള്‍ തിരിച്ചു വാങ്ങിയത്. 2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ പ്രധാനമായും വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്പ്ലേയോടുകൂടിയ മാക് ബുക്ക് പ്രോകളിലാണ് ബാറ്ററി പ്രശ്നമുള്ളതായി കണ്ടെത്തിയത്. ലാപ് ടോപിന്റെ ബാറ്ററികള്‍ സൗജന്യമായി മാറ്റിനല്‍കാമെന്നും ആപ്പിള്‍ അറിയിച്ചിരുന്നു.