ന്യൂഡല്‍ഹി: പൊതുജനങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ ടിക്ടോക്ടോക് സഹായകമാണെന്ന് ഉത്തരാഖണ്ഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ്.റോഡ് സുരക്ഷ, സൈബര്‍ സുരക്ഷ, സ്ത്രീ സുരക്ഷ,തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള ബോധവല്കരണ വീഡിയോകള്‍ തങ്ങളുടെ ടിക്ടോക്ക് അക്കൗണ്ടിലൂടെ പങ്കുവെക്കാനുള്ള ഒരുക്കത്തിലാണ് പോലീസ് വിഭാഗം.
ആപ്ലിക്കേഷനിലൂടെ തയ്യാറാക്കുന്ന വീഡിയോകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് കൂടുതല്‍ പോസിറ്റിവിറ്റി പ്രചരിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അശോക് കുമാര്‍ പറഞ്ഞു.നിലവില്‍ കേരളാ പോലീസാണ് ഈ സാധ്യത ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 2.25 ലക്ഷത്തിലധികം ഫോളോവേഴ്സാണ് ടിക്ടോക്കില്‍ കേരളാ പോലീസിനുള്ളത്.
ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കാനും അവ പങ്കിടാനും ആളുകളെ അനുവദിക്കുന്ന ടിക്ടോക്കിന് രാജ്യത്ത് 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.എന്നാല്‍ ഇന്ത്യയില്‍ ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ടിക്ക്ടോക് പ്ലാറ്റ്ഫോമുകള് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 24 ചോദ്യങ്ങളുടെ ഒരു സെറ്റ് സഹിതം ഇന്ത്യന്‍ സര്‍ക്കാര്‍ ടിക്ടോക്കിനും ഹലോയ്ക്കും കഴിഞ്ഞ മാസം നോട്ടീസ് നല്‍കിയിരുന്നു.