MusicSpecial

ശോകത്തിന്റെ പ്രതിബിംബം… ശുഭ പന്തുവരാളി

എസ് കെ ശാരിക

യമുന വെറുതേ രാപ്പാടുന്നു…. യമുനയിലെ ജലം പോലെ അനന്തമായി ഒഴുകുന്ന
ദുഖം… കേള്‍ക്കുമ്പോള്‍ യാതൊരു കാരണവുമില്ലാതെ മനസില്‍ ദുഖം
വിതുമ്പുന്നു. അതെ.. അതാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗത്തിന്റെ
പ്രത്യേകത. ശുഭ പന്തതുവരാളി… ശോകരസം തുളുമ്പു രാഗം. ഒറ്റ വാക്കില്‍
രാഗത്തിന്റെ നിര്‍വചനം അതാണ്.

നാല്പത്തിയഞ്ചാം മേളകർത്താരാഗമായ ശുഭപന്തുവരാളിയുടെ സ്വരസ്ഥാനങ്ങൾ
ഷഡ്ജം, ശുദ്ധ രിഷഭം, സാധാരണ ഗാന്ധാരം, പ്രതി മധ്യമം, പഞ്ചമം, ശുദ്ധ ധൈവതം,
കാകളി നിഷാദം എന്നിവയാണ്.

രാഗത്തിന്റെ വികാര തീവ്രത പരിചയപ്പെടുത്താന്‍ എളുപ്പം 1979ല്‍ ഭരതന്‍
സംവിധാനം ചെയ്ത തകര എന്ന ചിത്രത്തിലെ മൗനമേ നിറയും മൗനമേ… എന്ന്
തുടങ്ങുന്ന ഗാനമാണ്. പൂവച്ചല്‍ ഖാദര്‍ രചിച്ച് എംജി രാധാകൃഷ്ണന്‍ സംഗീതം
നല്‍കി എസ് ജാനകി പാടിയ ഈ ഗാനം, കണ്ണുനിറയാതെ കേട്ടിരിക്കാനാവില്ല. എത്ര
സന്തോഷമുള്ള മനസും ഈ പാട്ട് കേള്‍ക്കുമ്പോള്‍ ചഞ്ചലപ്പെടും. ദുഖം
ഖനീഭവിക്കും.

രാഗത്തിന്റെ ദുഖ തീവ്രതയ്ക്ക് മറ്റൊരു ഉദാഹരണമാണ് ഭരതം എന്ന ചിത്രത്തിലെ
രവീന്ദ്രന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി യേശുദാസ് പാടി വിസ്മയിപ്പിച്ച
രാമകഥാ ഗാനലയം മംഗളമെന്‍ തുബുരുവില്‍… എന്ന് തുടങ്ങുന്ന ഗാനം.
സമുദ്രത്തിന്റെ ആഴപ്പരപ്പിനോളം ദുഖം. ചിത്രത്തില്‍ ഗോപിനാഥന്‍
(മോഹന്‍ലാല്‍) എന്ന കഥാപാത്രം സ്വന്തം ജ്യേഷ്ഠന്റെ മരണം പുറത്തറിയിക്കാതെ
സഹോദരിയുടെ വിവാഹം നടത്തുന്നതാണ് ഗാനത്തിന്റെ സന്ദര്‍ഭം. നായകനൊപ്പം ചിത്രം
കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ കൂടി ദുഖത്തിന്റെ തീച്ചൂളയില്‍ വെന്തുരുകി.
ഗാനരംഗത്തിനിടയിലെ താലികെട്ട് സമയത്ത് ഉപയോഗിച്ചിരിക്കുന്ന നാദസ്വര മേളം
എടുത്തു പറയേണ്ടുന്നതാണ്. വിഷാദം കലര്‍ന്ന കെട്ടുമേളമാണ്
ഉപയോഗിച്ചിരിക്കുന്നത്. താലികെട്ട് മുഹൂര്‍ത്തത്തില്‍ വിഷാദം കലര്‍ന്ന
ഈണം അവതരിപ്പിക്കുന്നത് സാധാരണമല്ല. കെട്ടുമേളത്തില്‍ സഹിതം ശുഭ
പന്തുവരാളി രാഗത്തിന്റെ അനന്തസാധ്യത രവീന്ദ്രന്‍ മാസ്റ്റര്‍
മുതലെടുത്തു. ഗാനാന്ത്യത്തില്‍ രാമനെ വിളിച്ച് നായകന്‍ വേഷപ്പകര്‍ച്ച
പൂര്‍ണമാക്കുമ്പോള്‍ പ്രേക്ഷകന്റെ മനസില്‍ ഘനീഭവിച്ച കനത്ത ദുഖവും
പെയ്‌തൊഴിഞ്ഞ് നിര്‍വൃതിയടയുന്നു.

അതുപോലെ ശുഭ പന്തുവവരാളി രാഗത്തിന്റെ ആത്മാംശം ദുഖവും വിരഹവുമായി
സമന്വയിപ്പിച്ച് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ചിട്ടപ്പെടുത്തിയ ഒരേ
കടല്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരിക്കലും വിസസ്മരിക്കപ്പെടില്ല.
തുടക്കത്തില്‍ സൂചിപ്പിച്ച യമുന വെറുതേ രാപ്പാടുന്നു… എന്ന്
തുടങ്ങുന്ന ഗാനം ദുഖവും മറുഭാവമായ വിരഹവും പാരമ്യത്തിലെത്തുന്നതാണ്. ഒരേ
കടല്‍ എന്ന ചിത്രത്തിലെ 6 ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് ശുഭ
പന്തുവരാളി രാഗത്തിലാണ്. 6 ഗാനങ്ങളും വിരഹത്തിന്റെയും ദുഖത്തിന്റേയും
വിവിധ ഭാവങ്ങള്‍ വരച്ചുകാട്ടുന്നു. ഓരോ ഗാനവും അത് ചിട്ടപ്പെടുത്തുന്ന
സംഗീത സംവിധായകന്റെ ആത്മാവാണ്.. ചിത്രീകരണത്തിന്റെ പൂര്‍ണത
പരിഗണിക്കുമ്പോള്‍ ആത്മാംശം കുറയുമെങ്കിലും തനത് സംഗീതത്തിന്റെ മാറ്റ്
കുറയുന്നില്ല.

പ്രണയത്തിന്റെ അനന്തതലങ്ങളിലേക്ക് സഞ്ചരിച്ച് അതിന്റെ വൈകാരിക തലങ്ങള്‍
ഉള്‍ക്കൊണ്ട് അത് പ്രേക്ഷകരിലേയ്ക്ക് അനുഭവവഭേദ്യമാക്കാന്‍ കഴിഞ്ഞ
ചുരുക്കം ചില സംവിധായകരിലൊരാളാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീ
ശ്യാമപ്രസാദ്. സദാചാരത്തിന്റെ മതിലുകള്‍ തച്ചുടച്ച് പ്രണയത്തിന്റെ
തീവ്രതയ്ക്ക് മുന്നില്‍ നിസ്സരഹായരായിപ്പോകുന്ന മാനസികാവസ്ഥയെ
രാഗത്തിന്റെ പിന്‍ബലത്തോടെ സംവിധായകന്‍ ഭംഗിയായി
വരച്ചുകാട്ടിയിരിക്കുന്നു. ഭര്‍ത്താവിനും കാമുകനുമിടയ്ക്ക് നീറുന്ന ചഞ്ചലമായ
നായികയുടെ മാനസിക സംഘര്‍ഷങ്ങളെ ശുഭപന്തുവരാളിയില്‍ ചിട്ടപ്പെടുത്തിയ 6
രാഗങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഇരു കരകളിലും അടുക്കാതെ ഒഴുകി
നീങ്ങിയ നായികയുടെ മനസ് വിഭ്രാന്തിയയിലെത്തുന്നതും തിരികെ
ജീവിതത്തിലെത്തിയിട്ടും വീണ്ടും പ്രണയാഗ്നിയില്‍ വെന്തുരുകുന്നതും
ഗാനങ്ങളിലൂടെ പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞു. മികച്ച സംഗീത സംവിധായകനുള്ള
ദേശീയ അവാര്‍ഡും ഔസേപ്പച്ചന് സ്വന്തമായി.

ഇതിന് പുറമെ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ രാഗത്തിന്റെ മികവിന്
ഉദാഹരണമായിട്ടുണ്ട്. കൈക്കുടന്ന നിലാവ് എന്ന ചിത്രത്തിലെ മംഗള ദീപവുമായി
തൃക്കാര്‍ത്തിക ഉണരുകയായ്….. , ഏകലവ്യന്‍ എന്ന ചിത്രത്തിലെ നന്ദ കിഷോരാ
ഹരേ മാധവാ…, കൊച്ച് കൊച്ച് സന്തോഷങ്ങൾ എന്ന ചിത്രത്തിലെ ശിവകര ഡമരുക ലയമായ് നാദം….,
അണിവാകച്ചാര്‍ത്തില്‍ ഞാന്‍ ഉണര്‍ന്നു കണ്ണാ…തുടങ്ങിയ ഗാനങ്ങള്‍ വിഷാദത്തിന്റെ നനവോടെ ഇന്നും
പ്രേക്ഷക മനസിലുണ്ട്.

സംഗീതത്തിന് ഭാവകങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നുള്ളതിന് ഉത്തമ
തെളിവാണ് ശുഭ പന്തുവരാളി രാഗം. മനുഷ്യന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍
കഴിയുമെന്നതാണ് സംഗീതത്തിന്റെ പ്രത്യേകത. ഇതില്‍ ദുഖം ജനിപ്പിക്കുന്ന
രാഗം എന്ന നിലയില്‍ ശുഭ പന്തതുവരാളിയെ കവച്ചുവെയ്ക്കാന്‍ മറ്റു
രാഗങ്ങളില്ലെന്ന് തന്നെ പറയാം. ഗാനം കേട്ടുകഴിയുമ്പോള്‍ മനസ് ദുഖം
പെയ്‌തൊഴിഞ്ഞ് നേര്‍ത്ത് തൂവല്‍ പോലെ ഭാരമില്ലാത്ത അവസ്ഥയിലാവും…
നിസ്സംശയം.

എസ് കെ ശാരിക

43 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close