Columns

ചെ ഗുവേരയെ സിപിഎം ബിംബമാക്കുമ്പോള്‍….

പി. ശിവശങ്കര്‍

ചെ ഗുവേര സിപിഎമ്മിന് 1980 കളുടെ മധ്യകാലംവരെ ദു:ശകുനമായിരുന്നു. എണ്‍പതുകള്‍ക്കുശേഷം മാത്രമാണ് ചെ ഗുവേരയെ ഭാരതത്തില്‍ വോരോടിക്കുവാന്‍ പറ്റിയ വില്പനച്ചരക്കാണെന്ന് സിപിഎം മനസിലാക്കുന്നതും അംഗീകരിക്കുന്നതും. ആ കാലഘട്ടംവരെ മാക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ മാത്രമായിരുന്നു കമ്യൂണിസ്റ്റ് ദേവന്മാര്‍. മാത്രവുമല്ല ചെ ഗുവേരയുടെ രക്തസാക്ഷിദിനം ആചരിക്കുന്നതും തെറ്റായിട്ടാണ് സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി സംഘടന കല്പിരുന്നത്. 1990കളില്‍ മാത്രമാണ് ഔദ്യോഗികമായി ചെ ഗുവേരയെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും യഥേഷ്ടം എടുത്തുപയോഗിക്കുവാന്‍ തുടങ്ങിയത്.കേരളത്തിലെ ഗ്രാമീണ വഴിയിലൂടെ പോലും യാത്ര ചെയ്യുമ്പോള്‍ ആരും ശ്രദ്ധിക്കുന്നവിധം ചെ ഗുവേരയുടെ ചിത്രങ്ങളും, പേരുകളും, സ്തൂപങ്ങളും കാണാം. ഒരുപക്ഷെ ക്യൂബയിലോ, അര്‍ജന്‍റീനയിലോ പോലും ചെ ഗുവേരയെ ഇത്രയേറെ ആരാധിക്കുന്ന ഒരു ‘യുവജനത’ ഉണ്ടാകുമോ എന്ന് സംശയമാണ്.

അതുകൊണ്ടുതന്നെയാണ് ചെ ഗുവേരയുടെ മകള്‍ എലെസായുടെ കേരളത്തിലേക്കുള്ള യാത്ര ശ്രദ്ധിക്കപ്പെട്ടതും, സിപിഎം അത് ആഘോഷമാക്കിയതും. എന്നാല്‍ യഥര്‍ത്ഥത്തില്‍ ചെ ഗുവേര ജൂണ്‍ 30, 1959 ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ചെ ഗുവേരയെ എല്ലാ അര്‍ത്ഥത്തിലും നിഷേധിച്ചു, അവഗണിച്ചു, തികച്ചും നിര്‍ദയമായി. ഇന്ന് ചെ ഗുവേരയുടെ മകളെ കേരളം മുഴുവന്‍ ആഘോഷപൂര്‍വം എഴുന്നള്ളിച്ചു നടത്തുന്നതിന്‍റെ രാഷ്ട്രീയം എന്താണ്? അത് ചെ ഗുവേരയോടുള്ള ബഹുമാനം കൊണ്ടല്ല, മറിച്ച്, ഇന്ന് ചെ ഗുവേരക്ക് ലഭിച്ച അയഥാര്‍ത്ഥമായ നന്മയുടെയും ചരിത്രത്തിന്‍റെയും സത്യത്തിന്‍റെ പിന്‍ബലമില്ലാത്ത പരിഗണനയുടെ ദൃശ്യപര്യതയുടെയും പിന്‍തുടര്‍ച്ചാവകാശികള്‍ ആകുവാനുള്ള സിപിഎമ്മിന്‍റെ ദുഷ്ട ബുദ്ധി മാത്രമാണ്.

Loading...

യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന് ചെ ഗുവേരയോട് അത്ര പഥ്യമില്ലായിരുന്നു, കുറഞ്ഞപക്ഷം 1980 വരെയെങ്കിലും. അതുകൊണ്ടു തന്നെയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ പോലും “ലോക വിപ്ലവപ്രസ്ഥാനങ്ങളുടെ രാജകുമാരന്‍” ഡല്‍ഹിയില്‍ വന്നിട്ട്, പല പകലുകളും രാത്രികളും വെറുതെ ഇരുന്നിട്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്സും അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിയും പി.ബി. മെമ്പര്‍മാരും അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കാതിരുന്നത്.

എന്നാല്‍ ക്യൂബയുടെ സര്‍ക്കാര്‍ പ്രതിനിധി അല്ലാഞ്ഞിട്ടുപോലും നെഹ്റുവും, വി.കെ. കൃഷ്ണമേനോനും കോമേഴ്സ് മിനിസ്റ്റര്‍ നിത്യാനന്ദ, എസ്.കെ.ദേവ്, എ.പി.ദേവ് തുടങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചെ ഗുവേരയെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. എന്തിനേറെപ്പറയുന്നു, ചെ ഗുവേര പശ്ചിമ ബംഗാളില്‍, ജ്യോതിബസു പ്രതിനിധാനം ചെയ്യുന്ന അസംബ്ലി മണ്ഡലത്തിന് അടുത്തുവരെ പോയിട്ടും യുവാവായിരുന്ന ജ്യോതി ബസുവോ, ബംഗാളിലെ സഖാക്കളോ അന്ന് ചെ ഗുവേരയെ കണ്ടില്ല എന്നത് സിപിഐ/സിപിഎമ്മുകാര്‍ക്ക് ചെ ഗുവേരയോടുള്ള വിരോധം എത്രയെന്ന് വെളിപ്പെടുത്തുന്നവയാണ്.

ചെ ഗുവേര ഭാരതത്തോട് അടുത്തിരുന്നുവോ? ചെ ഗുവേരയുടെ ഭാരതപര്യടനത്തില്‍ കമ്യൂണിസ്റ്റ് നേതാക്കളും ചരിത്രകാരന്മാരും ഭയത്തോടെ കാണുന്നതും മറച്ചുവെക്കാന്‍ ശ്രമിക്കുന്നതുമായ ഒരു അദ്ധ്യായമാണ് ആകാശവാണിയിലെ ഭാനുമതി ചെ ഗുവേരയുമായി നടത്തിയ അഭിമുഖം. ഭാനുമതിയുടെ മൂര്‍ച്ചയുള്ള, തികഞ്ഞ രാഷ്ട്രീയ അവഗാഹത്തോടും രാഷ്ട്രഭക്തിയോടും കൂടിയുള്ള ചോദ്യങ്ങളും ചെ ഗുവേര പറഞ്ഞ ചില ഉത്തരങ്ങളും യഥാര്‍ത്ഥ ചെ ഗുവേരയുടെ വീക്ഷണം വെളിവാക്കുന്നവയാണ്. “നിങ്ങള്‍ക്ക് (ഇന്ത്യക്കാര്‍ക്ക്) ഗാന്ധിജിയും തത്വശാസ്ത്രത്തിലൂന്നിയ പൈതൃകവും ഉണ്ട്, ഞങ്ങള്‍ ലാറ്റിനമേരിക്കക്കാര്‍ക്ക് ഇത് രണ്ടുമില്ല. അതുമൂലം ഞങ്ങളുടെ മനോഗതി വികസിച്ചത് വ്യത്യസ്ഥമായാണ്.

” മറ്റൊരു ചോദ്യത്തിന് ഉത്തരമായി ചെ.ഗുവേര ഇതുകൂടി പറഞ്ഞു “ഞാന്‍ ഒരിക്കലും എന്നെ കമ്യൂണിസ്റ്റ് എന്ന് വിളിക്കില്ല. ഞാന്‍ ജനിച്ചത് കാത്തലിക് ആയിട്ടാണ്, മാര്‍ക്സിസത്തിലും, ലെനിനിസത്തിലും ഉപകാരപ്രദമായ പല ഉപദേശങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ അംഗീകരിക്കുന്നുണ്ട്”. ചെ ഗുവേര കമ്മ്യൂണിസത്തില്‍ നിന്ന് കൃത്യമായി അകലം പലിക്കുന്നതായാണ് ആ അഭിമുഖത്തില്‍ ഉടനീളം കാണുന്നത്. ചെ ഗുവേരയെ ഫിഡെല്‍ തള്ളിക്കളഞ്ഞിരുന്നോ? സത്യസന്ധമായി ചരിത്രം വായിച്ചാല്‍ വിപ്ലവാനന്തര ക്യൂബയില്‍ ഫിഡെലിനോടൊപ്പം ചെ ഗുവേരക്കും വലിയ ജനപ്രീതിയും, പരിഗണനയും കിട്ടിയിരുന്നു.

എന്നാല്‍, ഒരുപക്ഷെ ലാകബാന ജയിലിലെ മനുഷ്യത്വം തീരെയില്ലാത്ത. ചെ ഗുവേരയുടെ മനുഷ്യക്കുരുതിയും റഷ്യയോടുള്ള നീരസവും ഫിഡെലിന്‍റെ കണ്ണില്‍ ചെ ഗുവേര കരടായിത്തീര്‍ന്നിരിക്കണം. മാത്രവുമല്ല, കുറച്ചു മാസങ്ങള്‍ക്കൊണ്ടുതന്നെ ക്യൂബന്‍ നാഷണലൈസ്ഡ് ബാങ്കിന്‍റെ ചെയര്‍മാന്‍ പദവിയും കോമേഴ്സ് മിനിസ്റ്റര്‍ പദവിയുമെല്ലാം ചെ ഗുവേരക്ക് ചെറുതെന്ന് തോന്നുകയോ, അദ്ദേഹം അതില്‍ കഴിവില്ലെന്ന് തെളിയിക്കുകയോ ചെയ്തു. അതിനാല്‍ ഫിഡെല്‍ ചെ ഗുവേരയെ കുറഞ്ഞ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും പൂര്‍ണമായും മോചിപ്പിച്ചു. അതുകൊണ്ടുതന്നെയാണ് 1959 ഡല്‍ഹിയില്‍ വിമാനമിറങ്ങുമ്പോള്‍ സര്‍ക്കാര്‍ രേഖകളില്‍ ചെ ഗുവേരയെ ക്യൂബന്‍ സര്‍ക്കാര്‍ പ്രതിനിധി ആയല്ല, മറിച്ച് ക്യൂബന്‍ വിപ്ലവത്തിന്‍റെ പ്രധാന നേതാവ് എന്നു മാത്രമായിരുന്നു വിശേഷിപ്പിച്ചത്.

മാത്രവുമല്ല, ചെ ഗുവേര വധിക്കപ്പെട്ടതിന് 30 വര്‍ഷത്തിനുശേഷമാണ് ചെ ഗുവേരയുടെ ഭൗതികശരീരം ക്യൂബയില്‍ എത്തിയത്. അതുവരെ തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ, “ക്യൂബയുടെ വിപ്ലവ നക്ഷത്ര”ത്തിന്‍റെ, ഭൗതികശരീരം നാട്ടില്‍ എത്തിക്കുവാനുള്ള വലിയ ശ്രമമൊന്നും ഫിഡെല്‍ നടത്തിയില്ല എന്നും ഇവര്‍ തമ്മിലുള്ള ശീതസമരത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവഗണിച്ചു, എതിര്‍ത്തു, ഭാരതത്തില്‍ വന്നപ്പോള്‍ മാത്രമല്ല, 1980കള്‍ വരെ.

ചെ ഗുവേര സിപിഐ/സിപിഎമ്മിന് ദു:ശകുനമായിരുന്നു. എണ്‍പതുകള്‍ക്കുശേഷം മാത്രമാണ് ചെ ഗുവേരയെ ഭാരതത്തില്‍ വോരോടിക്കുവാന്‍ പറ്റിയ വില്പനച്ചരക്കാണെന്ന് സിപിഎം മനസിലാക്കുന്നതും അംഗീകരിക്കുന്നതും. ആ കാലഘട്ടംവരെ മാക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ മാത്രമായിരുന്നു കമ്യൂണിസ്റ്റ് ദേവന്മാര്‍. മാത്രവുമല്ല ചെ ഗുവേരയുടെ രക്തസാക്ഷിദിനം ആചരിക്കുന്നതും തെറ്റായിട്ടാണ് സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി സംഘടന കണ്ടിരുന്നത്.

കോഴിക്കോട് എസ്എഫ്ഐ കോളേജ് യൂണിറ്റ് ആ  കാലഘട്ടത്തില്‍ പിരിച്ചു വിട്ടതിന്‍റെ ഒരു കാരണം അവര്‍ ചെ ഗുവേരയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചതിനാലാണെന്ന് പരക്കെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്തുതന്നെയായാലും അന്ന് നക്സല്‍ബാരികളും തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരും മാത്രമാണ് ചെ ഗുവേരയെ സ്തുതിച്ചതും പിന്‍തുണച്ചതും എന്നത് ചരിത്ര സത്യമാണ്. ചെ ഗുവേര എന്ന താരോദയംചെ ഗുവേരയെന്ന രാഷ്ട്രീയ വിപ്ലവ താരം യഥാര്‍ത്ഥത്തില്‍ ബ്രാന്‍ഡ് ഐക്കണ്‍ ആയത് എണ്‍പതുകളില്‍ യൂറോപ്പിലും മറ്റുമാണ്. മതത്തോടും സാംസ്കാരിക അതിനിയന്ത്രണത്തോടുമുള്ള യുവജനങ്ങളുടെ പ്രതിഷേധമായി ഹിപ്പിയിസവും അനിയന്ത്രിതമായ മയക്കു മരുന്നുകളുടെ ഉപയോഗവും അന്നു നടപ്പിലുള്ള സാമൂഹിക രീതികളോടുള്ള നിഷേധവും ചെ ഗുവേരയടക്കമുള്ള ചില സാമൂഹ്യ ബിംബങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കി. ഈ ഉണര്‍വ് വസ്ത്ര വിപണന രംഗത്തെ യൂറോപ്യന്‍ ബ്രാന്‍ഡുകളും മുതലെടുത്തു. അങ്ങനെ ചെ ഗുവേരയുടെ ചിത്രങ്ങള്‍ യുവാക്കളുടെ ടീ ഷര്‍ട്ടിന്‍റെ അവിഭാജ്യഘടകമായി. അതോടൊപ്പം വന്ന ജീന്‍സ്, ടീ ഷര്‍ട്ട് കോംബിനേഷന്‍ ചെ ഗുവേരയേയും ലോകപ്രശക്തമാക്കി എന്നതാണ് സത്യം.

മാര്‍ക്സും ഏംഗല്‍സും ലെനിനും സ്റ്റാലിനും യുവാക്കളുടെ മനസില്‍ കമ്യൂണിസ്റ്റുകള്‍ എത്ര ശ്രമിച്ചിട്ടും ഹരമായി മാറിയില്ല. എന്നാല്‍ ഒരു പാര്‍ട്ടി പിന്‍ബലവുമില്ലാതെ ചെ ഗുവേര ഹരമായി മാറുകയും ചെയ്യുന്നതിന്‍റെ നേട്ടം സിപിഎം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. അതുകൊണ്ടുതന്നെ 1990കളില്‍ മാത്രമാണ് ഔദ്യോഗികമായി ചെ ഗുവേരയെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും യഥേഷ്ടം എടുത്തുപയോഗിക്കുവാന്‍ തുടങ്ങിയത്. ഇതിന്‍റെ മറ്റൊരു കാരണം, മാര്‍ക്സും ലെനിനും കഴിഞ്ഞാല്‍ ചൈനീസ് താത്വികാചാര്യന്‍ മാവോയെ രൂപപരവും പൈത്യകപരവുമായ കാരണങ്ങളാല്‍ ഇന്ത്യന്‍ യുവാക്കള്‍ അംഗീകരിക്കില്ല എന്ന് കുറച്ചുനാള്‍ കൊണ്ടുതന്നെ സിപിഎം മനസിലാക്കി.

ചുരുക്കം ചില പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം മാവോയുടെ രൂപത്തെ പാര്‍ട്ടി മൊഴി ചൊല്ലുകയാണ് ഉണ്ടായത്. ഈ വിടവു നികത്താന്‍ റഷ്യക്കാരനും ചൈനക്കാരനുമല്ലാത്ത യുവാവായ ചെ ഗുവേരയെ പരമ കാരുണ്യവാനായി കേരളത്തില്‍ അവതരിപ്പിക്കുക എന്ന ചരിത്രഹത്യയാണ് സിപിഎം നേതാക്കളും അവരുടെ ദിവസക്കൂലിക്കാരായ ചരിത്ര-സാഹിത്യ-ബുദ്ധിജീവികളും കൂടി ചെയ്തത്. അതുകൊണ്ടു തന്നെ ഇവര്‍ ചെ ഗുവേര ചെയ്ത അരുംകൊലകള്‍ മൂടിവെച്ചു. കമ്യൂണിസ്റ്റുകാരനല്ലെന്നു പറഞ്ഞ ചെ ഗുവേരയെ സഖാവാക്കി. ഫിഡെല്‍ പോലും മനസുകൊണ്ട് തള്ളിപ്പറഞ്ഞ, അറിഞ്ഞുകൊണ്ട് സിഐഎക്കു കൊലക്കുകൊടുത്ത, വിപ്ലവത്തില്‍ പാതിയും ഭരണത്തില്‍ പൂര്‍ണമായും പരാജയപ്പെട്ട, ഒരു ശരാശരി വിപ്ലവകാരിയെ വിഗ്രഹവല്‍ക്കരിച്ച് ഒരു ജനതയുടെ വിപ്ലവ രാജകുമാരനാക്കി കേരളത്തിലെ യുവാക്കളുടെ തലയില്‍ കെട്ടിവച്ചത്.

ഉയര്‍ത്തിക്കാട്ടുവാന്‍ ബിംബങ്ങളില്ലാത്ത, അല്ലെങ്കില്‍ ഉയര്‍ത്തിക്കാട്ടിയ വിഗ്രഹങ്ങള്‍ ഉടഞ്ഞ, രാഷ്ട്രീയകക്ഷിയുടെ പിടിച്ചു നില്‍ക്കുവാനുള്ള അവസാനശ്രമം മാത്രമായിരുന്നു ഇത്. ചെ ഗുവേരയുടെ മകളെ കൊണ്ടുവന്ന് ഊതി വീര്‍പ്പിച്ച വിഗ്രഹത്തിന്‍റെ, വ്യാപ്തി പരമാവധി വര്‍ദ്ധിപ്പിച്ച് കേരളത്തിലെങ്കിലും പിടിച്ചു നില്‍ക്കുവാനുള്ള സിപിഎമ്മിന്‍റെ അടവ് നയത്തിനപ്പുറം ഒന്നുമില്ല ഈ നാടകത്തില്‍.

8 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close