കൊച്ചി: കൊതുക് കടിമൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്‌ക്കായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി എയര്‍ടെല്‍. സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി ഏര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സുമായി സംയുക്തമായി ചേര്‍ന്നാണ് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് പുതിയ പദ്ധതിയ്‌ക്കു രൂപം നല്‍കുന്നത്.
എയര്‍ടെലിന്റെ പുതിയ പോളിസി പ്രകാരം കൊതുകുജന്യ രോഗങ്ങളായ ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ, ജാപ്പനീസ് എന്‍സിഫലൈറ്റിസ്, കാല-അസര്‍, ലിംഫാറ്റിക് ഫൈലേറിയാസിസ്, സിക്ക വൈറസ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്കാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ പരിരക്ഷ ലഭ്യമാകുക.
രോഗ ബാധിതരായി തൊഴില്‍ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചികിത്സയുടെ ഭാഗമായി മുഴുവന്‍ സമയവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തവര്‍ക്ക് ആനുകൂല്യം ലഭ്യമാകും. 99 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജിലാണ് പോളിസി ലഭ്യമാകുക.
സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്ന നിരവധി നിര്‍ധനരായ രോഗികള്‍ക്ക് എയര്‍ടെലിന്റെ ഇന്‍ഷുറന്‍സ് പോളിസി സഹായകരമാകുമെന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബത്ര ബിശ്വാസ് പറഞ്ഞു.















