സെർച്ച് എഞ്ചിൻ ഭീമൻ ഗൂഗിളിന് ഇന്ന് ഇരുപത്തിയൊന്നാം പിറന്നാൾ. ആഘോഷത്തിന്‍റെ ഭാഗമായി കമ്പനിയുടെ തുടക്ക സമയത്തുള്ള പഴയ കമ്പ്യൂട്ടറും അതിലെ ബ്രൗസറിൽ ഗൂഗിൾ സെർച്ച് എഞ്ചിന്റെ ഹോം പേജുമടങ്ങുന്ന പ്രത്യേക ഡൂഡിലാണ് പിറന്നാളിന്റെ ഭാഗമായിഗൂഗിൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 27-09-1998 എന്ന തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.
സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് 1998 സെപ്റ്റംബറില്‍ വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിള്‍ ഇന്ന് ഇന്റര്‍നെറ്റ് എന്ന് കേട്ടാല്‍ സാധാരണക്കാരനുപോലും ആദ്യം മനസ്സില്‍ വരുന്ന വാക്കായി മാറി. ഒപ്പം നമ്മുടെ സഹായിയുമായി. യാത്രപോകാൻ വഴി ചോദിക്കുന്ന ഗൂഗിൾ മാപ്പ് മുതൽ വീട്ടിലെ ലൈറ്റും ഫാനും എന്തിന് ടിവി വരെ ഓണും ഓഫും ചെയ്യാനാവുന്ന ഗൂഗിൾ അസിസ്റ്റന്റ് വരെയെത്തി നിൽക്കുന്നു ഗൂഗിളിന്റെ സ്വാധീനം.
ആല്‍ഫബെറ്റ് എന്ന മാതൃസ്ഥാപനത്തിന് കീഴിലാണ് ഇപ്പോള്‍ ഗൂഗിളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഉള്ളത്. ആൻഡ്രോയ്ഡ് മൊബൈൽ മുതൽ സെൽഫ് ഡ്രൈവിംഗ് കാറുകൾ വരെ ഇന്ന് ഗൂഗിളിന്റെ ഉത്പന്നങ്ങളായി വിപണയിലുണ്ട്.
സ്ഥാപകർക്ക് സംഭവിച്ച ഒരു അക്ഷരത്തെറ്റാണ് ഗൂഗിൾ എന്ന പദം പിറവിയെടുക്കാൻ കാരണമായത്. ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻജിന് പേരായി നൽകാനായിരുന്നു സ്ഥാപകരുടെ തീരുമാനം. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു ലക്ഷ്യം. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി.
2006 മുതലാണ് ഗൂഗിള്‍ സെപ്റ്റംബര്‍ 27 തങ്ങളുടെ ജന്മദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. 2003 ല്‍ സെപ്തംബര്‍ 8 നും 2004 ല്‍ സെപ്തംബര്‍ 7 നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്. തങ്ങളുടെ നാലാമത്തെ പിറന്നാള്‍ മുതല്‍ ഗൂഗിള്‍ വ്യത്യസ്തതയുള്ള ‘ഡൂഡിള്‍’ അവതരിപ്പിച്ചുതുടങ്ങി. ആനിമേഷനായും ഇന്ററാക്ടീവ് ആയും വൈവിധ്യമുള്ള ഡൂഡിലുകള്‍ പിറന്നാളുകളില്‍ ബ്രൗസറുകളില്‍ പ്രത്യക്ഷപ്പെട്ടു.
ഭാരതീയനായ സുന്ദര്‍ പിച്ചായ് ഗൂഗിളിന്റെ തലപ്പത്ത് എത്തിയ ശേഷം 2015 സെപ്റ്റംബര്‍ ഒന്നിന് ഗൂഗിള്‍ തങ്ങളുടെ ലോഗോ തന്നെ മാറ്റി. അതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകടമായമാറ്റമായിരുന്നു അന്ന് ലോഗോയിൽ വരുത്തിയത്. നീലനിറത്തിലുള്ള ചെറിയക്ഷരം ‘g’ ആയിരുന്നു അതുവരെ ഐക്കണ്‍. പിന്നീട് അത് നാല് നിറങ്ങളിലുള്ള വലിയക്ഷരം ‘G’ ആയി.















