ന്യൂഡല്‍ഹി: കോള്‍ റിങ് ദൈര്‍ഘ്യത്തെ ചൊല്ലി ടെലികോം മേഖലയിലെ തല്ല് അവസാനിക്കുന്നില്ല. ജിയോയുടെ കോള്‍ റിങ് ദൈര്‍ഘ്യം കുറവാണെന്നുള്ള പരാതിയില്‍ 20ല്‍ നിന്ന് 25 സെക്കന്‍ഡിലേക്ക് ജിയോ കൂട്ടിയെങ്കിലും 30 സെക്കന്‍ഡ് ആവശ്യവുമായി ഉറച്ചുനില്‍ക്കുകയാണ് എയര്‍ടെല്ലും ഐഡിയയും വോഡഫോണും.
ജിയോ മിസ്ഡ് കോള്‍ അടിച്ച് പ്രതിദിനം 80 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കമ്പനികളുടെ പരാതി. ഇതു സംബന്ധിച്ച് എയര്‍ടെല്ലും ഐഡിയയും വോഡഫോണും ട്രായിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കെതിരെ ജിയോ രംഗത്ത് വന്നതോടെ പ്രശ്‌നം വലുതായി. രാജ്യാന്തര തലത്തില്‍ ശരാശരി കോള്‍ റിങ് സമയം 15 മുതല്‍ 20 വരെയാണെന്നും ഇതാണ് പിന്തുടരുന്നതെന്നും ജിയോ അറിയിച്ചു.
സാധാരണ ജിയോ നെറ്റ് വര്‍ക്കില്‍ നിന്നും വിളിച്ചാല്‍ നാലഞ്ചു റിങ് അടിച്ച ശേഷം വിളിക്കുന്നയാള്‍ കോള്‍ എടുത്തില്ലെങ്കില്‍ കോള്‍ കട്ടാകുകയാണ് പതിവ്. ഏകദേശം 20 സെക്കന്‍ഡാണ് ജിയോയുടെ റിങ് ദൈര്‍ഘ്യം. ഇങ്ങനെ വരുമ്പോള്‍ ജിയോ തങ്ങളുടെ നെറ്റ് വര്‍ക്കിലേക്ക് മിസ്ഡ് കോള്‍ ഇട്ടുന്നതിന് തുല്യമാണെന്നാണ് മറ്റു കമ്പനികള്‍ ആരോപിക്കുന്നത്. എന്നാല്‍ മറ്റു കമ്പനികള്‍ കോള്‍ ചാര്‍ജ് കുറയ്‌ക്കാതത് കൊണ്ട് ഉപഭോക്താക്കള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്കാണ് മിസ്ഡ് കോള്‍ അടിക്കുന്നതെന്നാണ് ജിയോ പറയുന്നത്.















