പബ്ജിയുടെ പാത പിന്തുടര്ന്ന് സ്മാര്‍ട്ഫോണ്‍ പതിപ്പുമായി എത്തിയിരിക്കുകയാണ് ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടര്‍ ഗെയിമായ ‘കോള്‍ ഓഫ് ഡ്യൂട്ടി’. അമേരിക്കന്‍ വീഡിയോ ഗെയിം പബ്ലിഷറായ ആക്ടിവിഷനാണ് കോള്‍ ഓഫ് ഡ്യൂട്ടി എന്ന ഗെയിം രൂപവല്‍കരിച്ചിരിക്കുന്നത്. ഏകദേശം 20 ദശലക്ഷം പേര് ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ അമേരിക്കയും.
ടെന്‍സെന്റ് ഗെയിംസുമായി ചേര്‍ന്നാണ് ആക്ടിവിഷന്‍ കോള്‍ ഓഫ് ഡ്യൂട്ടിയുടെ മൊബൈല്‍ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ദക്ഷിണകൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളും ടെന്‍സെന്റ് ഗെയിംസുമായി ചേര്‍ന്നാണ് മൊബൈല്‍ പതിപ്പ് രംഗത്തിറക്കിയത്.
കോള്‍ ഓഫ് ഡ്യുട്ടി മൊബൈലിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകള്‍ ഒക്ടോബര്‍ ഒന്നു മുതലാണ് ലഭ്യമായി തുടങ്ങിയത്. ഒരു ജിബിയിലധികം വലിപ്പമുള്ള ഗെയിമാണിത്. പിസി പതിപ്പിലെ എല്ലാ ഗെയിമിങ് മോഡുകളും മൊബൈല്‍ പതിപ്പില്‍ ലഭ്യമാവും. പിസി പതിപ്പില്‍ പരിചിതമായ ആയുധങ്ങളും കഥാപാത്രങ്ങളും വാഹനങ്ങളുംമെല്ലാം ഇതിലുണ്ടാവും.
പിസി പതിപ്പ് പരിചിതമായവര്‍ക്ക് പക്ഷെ മൊബൈല്‍ ഗെയിമിലെ നാവിഗേഷന്‍ അത്ര രസകരമായിരിക്കണം എന്നില്ല. അതേസമയം പബ്ജി മൊബൈല്‍ നാവിഗേഷന്‍ സമാനമാണ് കോള്‍ ഓഫ് ഡ്യൂട്ടി മൊബൈലിലെ നാവിഗേഷന്‍. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ഫോണുകളിലെ ആപ്പ് സ്റ്റോറില്‍ നിന്നും ഗെയിം ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.