ന്യൂഡല്‍ഹി: സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി വ്യാജ പ്രചരണങ്ങളും വ്യക്തി വിദ്വേഷ പോസ്റ്റുകളും വ്യാപകമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഫെയ്സ്ബുക്ക്. വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്യണമെന്ന് യൂറോപ്യന്‍ യൂണിയന് കോടതി നിര്‍ദേശിച്ചു.
കോടതി വിധി പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിയമനിര്‍മാണത്തെ സ്വാധീനിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഓസ്ട്രേലിയയിലെ രാഷ്ട്രീയ പ്രവര്‍ത്തക ഈവ ഗ്ലവിസ്ചിങ് നല്കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
താനിടുന്ന പോസ്റ്റുകള്‍ക്ക് താഴെ വ്യക്തിനിയമങ്ങള്‍ ലംഘിക്കപ്പെടുന്ന വിധം കമന്റുകള്‍ ഇടുന്നത് ചൂണ്ടികാണിച്ചാണ് ഈവ കോടതിയെ സമീപിച്ചത്.ഇതേ തുടര്‍ന്ന് കമന്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ ഈവ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ വിധി പ്രകാരം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, കമന്റുകള്‍ എന്നിവ വ്യക്തിഹത്യ ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാം. അതതു സെര്‍വറുകള്‍ക്ക് പുറമേ എല്ലാ രാജ്യങ്ങളില്‍ നിന്നും പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.