മുംബൈ: സൗജന്യ വോയ്സ് കോള്‍ സേവനം അവസാനിപ്പിച്ച് ജിയോ. ഇനി മുതല്‍ ജിയോ ഉപയോക്താക്കള്‍ മറ്റ് നെറ്റ്വര്ക്കുകളിലേക്ക് ജിയോയില്‍ നിന്നും കോളുകള്‍ ചെയ്യാന്‍ മിനിറ്റിന് ആറു പൈസ നല്‍കേണ്ടി വരും. അതേസമയം വോയ്സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന തുകയ്ക്ക് തുല്യമൂല്യമുള്ള സൗജന്യ ഡാറ്റ ജിയോ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുമെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
ട്രായ് ഐയുസി (ഇന്റര്‍കണക്ട് യുസേജ് ചാര്‍ജ്) നിബന്ധന കര്ശനമാക്കിയതോടയാണ് മറ്റ് നെറ്റ്വര്ക്കുകളിലേക്ക് കോള്‍ ചെയ്യാന്‍ ജിയോ ഉപയോക്താക്കള്‍ക്ക് പണം നല്‍കേണ്ട സാഹചര്യം വന്നത്. അതേ സമയം ജിയോ നെറ്റ്വര്‍ക്കിലേക്കുള്ള വോയ്സ് കോളുകളും ഇന്‍കമിംഗ് കോളുകളും സൗജന്യമായി തുടരും.
വോയ്സ് കോളുകള്‍ക്കായി കമ്പനി പുതിയ ടോപ്അപ് വൗച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് വോയ്സ് കോളുകള്‍ക്ക് ജിയോ ഉപയോക്താക്കള്‍ പണം നല്ക്കേണ്ടി വരുന്നത്. 2017-ല്‍ ട്രായ് ഐയുസി മിനിറ്റിന് 14 പൈസയില്‍ നിന്ന് ആറ് പൈസയാക്കി കുറച്ചിരുന്നു. 2020 ജനുവരിയോടെ പൂര്‍ണമായി ഇത് അവസാനിപ്പിക്കുമെന്നും ട്രായ് അറിയിച്ചിരുന്നു.