സാന്‍ഫ്രാന്‍സിസ്കോ: ലോകത്തെ ഏറ്റവും മികച്ച പത്തു ബ്രാന്‍ഡുകളുടെ പട്ടികയില്‍ നിന്ന് ഫെയ്സ് ബുക്ക് പുറത്ത്. രണ്ടു വര്‍ഷം മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഫെയ്സ്ബുക്ക്. ആഗോള ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്റര്‍ബ്രാന്‍ഡിന്റെ വാര്‍ഷിക പട്ടികയില്‍ ഇക്കുറി 14-ാം സ്ഥാനത്തേക്കാണ് ഫെയ്സ്ബുക്ക് പിന്തള്ളപ്പെട്ടത്.
ഇന്റര്‍ബ്രാന്‍ഡിന്റെ മികച്ച 100 കമ്പനികളുള്ള പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ആപ്പിള്‍ ആണ്. രണ്ടാം സ്ഥാനത്ത് ഗൂഗിള്‍, മൂന്നാം സ്ഥാനത്ത് ആമസോണും ആണ്. മൈക്രോസോഫ്റ്റ്, കൊക്ക-കോള, സാംസംഗ് എന്നിവ യഥാക്രമം നാലുമുതല്‍ ആറുവരെ സ്ഥാനങ്ങളിലാണ്. ടൊയോട്ട ഏഴാമതും മെഴ്സിഡെസ്-ബെന്‍സ് എട്ടാമതും മക്ഡോണള്‍സ് ഒമ്പതാമതാം സ്ഥാനത്താണ്. ഡിസ്നിക്കാണ് പത്താംസ്ഥാനം.
ഉപഭോക്താക്കളുടെ വിവര ചോര്‍ച്ചയും തുടര്‍ന്നുണ്ടായ വ്യാപക അന്വേഷണങ്ങളുമാണ് ഫെയ്സ്്ബുക്കിന് തിരിച്ചടിയായത്. 8.7 കോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന കേംബ്രിഡ്ജ് അനലിറ്റിക്ക സംഭവത്തെ തുടര്‍ന്ന് ഫെയ്സ്ബുക്കിന്റെ ഉപഭോക്തൃ വിശ്വാസ്യതയില്‍ വന്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അമേരിക്കയില്‍ കമല ഹാരിസ് ഉള്‍പ്പെടെ നിരവധി സെനറ്റര്‍മാരും ഫെയ്സ്ബുക്കിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ ഫെയ്സ് ബുക്കില്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് വിശ്വസിക്കുന്നത് വെറും 28 ശതമാനം പേര് മാത്രമാണ്. നേരത്തേ, ഇത് 79 ശതമാനമായിരുന്നു.