ന്യൂഡല്‍ഹി: തീവ്രവാദ സ്വഭാവമുള്ള വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയുടെ രഹസ്യ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സുരക്ഷ ഏജന്‍സികളെ അനുവദിക്കണമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ മുന്നറിയിപ്പിന് വഴങ്ങിയില്ലെങ്കില്‍ സമൂഹമാധ്യമങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും സത്യവാങ് മൂലത്തിലൂടെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലെ സ്വകാര്യതയെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാരും സാമൂഹ്യ മാധ്യമ വെബ്സൈറ്റായ ഫെയ്സ്ബുക്കും തമ്മില്‍ നടക്കുന്ന കേസിന്റെ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് ഈ പരാമര്‍ശം.
ഫെയ്‌സ്ബുക്കിന് കീഴിലുള്ള വാട്‌സാപ്പിലൂടെ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും കൈമാറുന്നുണ്ട്. ഇവയ്‌ക്ക് എന്‍ഡ് 2 എന്‍ഡ് എന്‍ക്രിപ്ഷനാണ് നിലവില്‍ നല്‍കുന്നത്. അതു കാരണം സര്‍ക്കാരിനോ, സ്വതന്ത്ര ഏജന്‍സികള്‍ക്കോ വാട്‌സാപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാനാവില്ല. നിലവില്‍ ഇന്ത്യയില്‍ നാല്‍പത് കോടി ജനങ്ങളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്.
സമൂഹമാധ്യമങ്ങള്‍ക്കെതിരെ പുതിയ നിയമം കൊണ്ടു വരിക വഴി വ്യക്തികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തുകയും ഒപ്പം രാജ്യത്തിന്റെ സര്‍വ്വാധികാരത്തിനും, സുരക്ഷയ്‌ക്കും എതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നിലയ്‌ക്കും നിര്‍ത്തുമെന്നും എ.ജി പറഞ്ഞു. ജനങ്ങളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറാനല്ല, മറിച്ച്, തീവ്രവാദികളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കലാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.
അതേസമയം, ഉപയോക്താക്കളുടെ ഡേറ്റാ സര്‍ക്കാരിന് കൈമാറ്റം ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നില്ല. ഡേറ്റാ സര്‍ക്കാരിന് നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നാണ് ഫെയ്സ്ബുക്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുല്‍ റാസ്‌തോഗി കോടതിയില്‍ വാദിച്ചു. സ്വകാര്യതയുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലായി സമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ പല കേസുകളും നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് ഫെയ്സ്ബുക്ക് ഓഗസ്റ്റില്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
തീവ്രവാദികളുടെ പ്രശ്നം മാത്രമല്ല, വാട്സാപ്പിലൂടെ തെറ്റായ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നതും കമ്പനിക്ക് തലവേദനയാണ്. ഇതിനെതിരെ വാട്സാപ്പ് പല നടപടികളും സ്വീകരിച്ചുവെങ്കിലും വേണ്ടത്ര ഫലം കണ്ടിരുന്നില്ല. എന്തൊക്കെയായാലും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുകളയില്ല എന്ന നിലപാടിലാണ് വാട്സാപ്പ്.
വാട്സാപ്പിന്റെയും മറ്റും സര്‍വറുകള്‍ ഇന്ത്യയ്‌ക്കു വെളിയിലാണെന്ന വാദമാണ് അവര്‍ ഉയര്‍ത്തിയത്. ഇതിനെതിരെയും നിയമനിര്‍മാണം ഉണ്ടായേക്കും. ഇന്ത്യക്കാരുടെ ഡേറ്റാ രാജ്യത്തിനുവെളിയില്‍ കൊണ്ടുപോകരുതെന്നും നിയമം വന്നേക്കാം. രാജ്യത്തെ വിവിധ കീഴ്കോടതികളിലായി ഈ വിഷയങ്ങളിലുള്ള കേസുകള്‍ പഠിച്ച ശേഷം ജനുവരി അവസാന ആഴ്ച വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞു.















