വാഷിങ്ടണ്‍: ചാര പ്രവര്‍ത്തനം ആരോപിച്ച് ചൈനീസ് ആപ്പായ ടിക് ടോകിനെതിരെ അമേരിക്കന്‍ സെനറ്റര്‍മാര്‍ രംഗത്ത്. ടിക് ടോക് ചൈനയ്ക്ക് വേണ്ടി ചാരപണി നടത്തുന്നുവെന്നാണ് സെനറ്റര്‍മാര്‍ ആരോപിക്കുന്നത്. സെനറ്റിലെ ഡെമോക്രാറ്റ് നേതാവായ ചക്ക് ഷമ്മറും റിപ്ലബ്ലിക്കന്‍ സെനറ്ററായ ടോം കോട്ടനുമാണ് ടിക് ടോക്കിനെതിരെ രംഗത്ത് വന്നത്.
ടിക് ടോക് ഉടമയായ ബൈറ്റ്ഡാന്‍സ് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് സെനറ്റര്‍മാര്‍ ഉയര്‍ത്തിയത്. ദേശീയ രഹസ്യാന്വേഷണ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജോസഫ് മഗ്വയറിനുള്ള കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
തങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാത്തവിധം ചാരവൃത്തി ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇത് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും സെനറ്റര്‍മാര്‍ കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ, ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേയ്ക്ക് എതിരെയും ഇതേ ആരോപണങ്ങളാണ് ഉന്നയിച്ചത്.
ആഗോള തലത്തില്‍ 50 കോടി ഉപഭോക്താക്കളാണ് ടിക് ടോക്കിനുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ഹസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് ജനശ്രദ്ധ പിടിച്ചു പറ്റിയത്. അമേരിക്കയില്‍ മാത്രം 11 കോടിയിലധികം പേരാണ് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഫെയ്സ്ബുക്കിനേയും ഇന്‍സ്റ്റഗ്രാമിനേയും ടിക് ടോക് കടത്തിവെട്ടിയിരുന്നു.
ചൈനീസ് ഭരണകൂടം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ കമ്പനിയെ നിര്‍ബന്ധിച്ചേക്കാം. ഉപയോക്താക്കളില്‍ നിന്നും ടിക് ടോക്ക് ഗണ്യമായ അളവില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് ഇത് ഭീഷണിയാണ്. അടുത്ത തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും ടിക് ടോക്ക് ഉപയോഗപ്പെടുത്തിയേക്കുമെന്നും സെനറ്റര്‍മാര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം ആരോപണത്തോട് പ്രതികരിച്ച് ടിക് ടോക് രംഗത്തെത്തിയിരുന്നു. ഒരു ഭരണ കൂടവും തങ്ങളെ സ്വാധീനിക്കുന്നില്ല. ചൈനയ്ക്ക് പുറത്താണ് കമ്പനിയുടെ ഡേറ്റ സെന്റര്‍ ഉള്ളതെന്നും ടിക് ടോക് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലും ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിബന്ധനകള്‍ അംഗീകരിച്ചതിനാല്‍ ടിക് ടോകിന് ഇന്ത്യയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.















