ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാ പിഴവുണ്ടെന്ന മുന്നറിയിപ്പുമായി നാഷണല്‍ സൈബര്‍ സുരക്ഷ സെക്യൂരിറ്റി വെബ്സൈറ്റ്. സുരക്ഷ പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ സിസ്റ്റത്തെ നിയന്ത്രിക്കാന്‍ സാധ്യതയുണ്ടെന്നും വെബ്സൈറ്റ് മുന്നറിയിപ്പ് നല്കുന്നു. മുന്നറിയിപ്പ് ലഭിച്ചതോടെ ക്രോമിന്റെ പുതിയ പതിപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രോമിന്റെ ഓഡിയോ കംപോണന്റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് ഇപ്പോള്‍ സുരക്ഷാപാളിച്ചകള്‍ കണ്ടെത്തിയത്. ബ്രൗസറിനു സുരക്ഷാ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രൗസറിന്റെ മുകള്‍ ഭാഗത്തുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ഹെല്‍പ്പ്-എബൗട്ട് ഗൂഗിള്‍ ക്രോമില്‍ മാനുവലായി അന്വേഷിക്കാവുന്നതാണെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ക്രോം നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഐഒഎസ്, മാക്ക്, വിന്‍ഡോസ്, ലിനക്സ് എന്നിവയ്ക്ക് വേണ്ടി ഗൂഗിള്‍ ക്രോം 78 എന്ന വേര്‍ഷന്‍ അടുത്തിടെ അപ്ഡേറ്റ് ചെയ്തിരുന്നു. ഡാര്‍ക്ക് മോഡ്, ക്ലിക്ക് ടു കോള്‍ തുടങ്ങിയ ഫീച്ചറുകളും ക്രോം അവതരിപ്പിച്ചിരുന്നു. ഇവയിലൊക്കെയും സുരക്ഷാ പിഴവ് കണ്ടേക്കാം. അതിനാല്‍ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദേശം നല്‍കിയത്.