അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉപയോക്താക്കള്‍ ട്വിറ്റര്‍ വിടുന്നു. പ്രധാനമായും ഇന്ത്യന്‍ ഉപയോക്താക്കളാണ് ട്വിറ്റര്‍ വിടുന്നത്. ട്വിറ്റര്‍ ഉപേക്ഷിച്ച ഇവര്‍ മറ്റൊരു മൈക്രോ ബ്ലോഗിങ് സൈറ്റായ മാസ്റ്റഡോണിലേക്ക് ചേക്കേറിയതായാണ് വിവരം.
മാസ്റ്റഡോണില്‍ അഭിപ്രായ സ്വാതന്ത്യത്തിന് വിലക്കില്ല.ഒപ്പം വിദ്വേഷവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 12, 900 ആളുകള്‍ മാസ്റ്റഡോണില്‍ ചേര്‍ന്നതായാണ് വിവരം. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ, സാമൂഹിക പ്രവര്‍ത്തക കവിത കൃഷ്ണന്, ബോളിവുഡ് ഗായകന് വിശാല്‍ ദദ്ലാനി തുടങ്ങിയവര്‍ ട്വിറ്റര്‍ ഉപേക്ഷിച്ച് മാസ്റ്റഡോണില്‍ ചേര്‍ന്നു.
ട്വിറ്ററിന്റെ നിലപാടുകള്‍ സമീപ കാലത്ത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കാരണമില്ലാതെ പലരേയും ബ്ലോക്ക് ചെയ്തതതും കൊഴിഞ്ഞു പോകലിന് കാരണമായിട്ടുണ്ട്. അതേസമയം ട്വിറ്റര്‍ ദളിത് വിരോധിയും, ചില മതങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സഞ്ജയ് ഹെഗ്ഡെയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്ത നടപടി ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. നടപടിക്കെതിരെ സഞ്ജയ് ഹെഗ്ഡെ ട്വിറ്ററിനു വക്കീല്‍ നോട്ടിസ് അയച്ചുവെങ്കിലും ഉപയോക്താക്കള്‍ ട്വിറ്ററിനെ കൈവിട്ടു.
2016-ല്‍ ജര്‍മന്‍കാരനായ യുജെന്‍ റോച്ച്കോയാണ് മാസ്റ്റഡോണിന് രൂപം നല്‍കിയത്. ഓപ്പണ്‍ സോഴ്സ് കോഡായ മാസ്റ്റഡോണ്‍ തികച്ചും സൗജന്യമാണ്. അക്കൗണ്ട് തുടങ്ങാന്‍ ട്വിറ്ററിനെക്കാള്‍ ബുദ്ധിമുട്ടാണ്. പക്ഷേ, ഉപയോഗം ട്വിറ്ററിനു സമാനമാണ്. ട്വിറ്ററിലെ കുറിപ്പുകള്‍ ട്വീറ്റുകളെന്നറിയപ്പെടുമ്പോള്‍ മാസ്റ്റഡോണിലെ കുറിപ്പുകള്‍ക്ക് ടൂട്ട്സ് എന്നാണ് പറയുന്നത്. റീ ട്വീറ്റുകളെ ബൂസ്റ്റ് എന്ന് വിളിക്കും. ട്വിറ്ററിന്റെ 280 അക്ഷരങ്ങള്‍ക്കു പകരം 500 അക്ഷരങ്ങളാണ് മാസ്റ്റഡോണിലെ ഒരു ടൂട്ടില്‍ എഴുതാന്‍ കഴിയുക.