ന്യൂയോര്‍ക്ക്: ഒരു വര്‍ഷത്തിനിടെ 5.4 ബില്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്. കൃത്രിമത്വത്തിനും തെറ്റായ വിവരങ്ങള്‍ക്കും എതിരെ സമൂഹമാദ്ധ്യമങ്ങളില്‍ തുടര്‍ച്ചയായി ഫേസ്ബുക്ക് നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിനെതിരെ പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം അക്കൗണ്ടുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നീക്കം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തത്. കുട്ടികളുടെ പോണ് പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഭീകരത, വിദ്വേഷം, ആത്മഹത്യ, കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് സജീവമായി ശ്രമിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഇത്തരം പോസ്റ്റുകളെ സംബന്ധിച്ച് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ സംവിധാനം ഉപയോഗിച്ച് അതിനെതിരെ നടപടി സ്വീകരിക്കാറുണ്ടെന്ന് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഗൈ റോസണ്‍ പറഞ്ഞു.