സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റഗ്രാം മാതൃകയില്‍ ഫോട്ടോകള്‍ മാത്രം കാണാന്‍ കഴിയുന്ന സംവിധാനവുമായി ഫെയ്സ്ബുക്ക് വരുന്നു. ഫോട്ടോ മാത്രം കാണാന്‍ കഴിയുന്ന ഫീച്ചര്‍ ഒരുക്കുന്നതിന്റെ പരീക്ഷണഘട്ടത്തിലാണ് ഫെയ്സ്ബുക്ക്.
പോപ്പുലര്‍ ഫോട്ടോസ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ഫെയ്സ്ബുക്ക് ഉദ്ദേശിക്കുന്നത്. സുഹൃത്തുക്കളുടെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ സ്ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കുന്നവിധം ക്രമീകരിക്കാനാണ് പദ്ധതിയിടുന്നത്. ന്യൂസ് ഫീഡില്‍ നിന്ന് കാണാന്‍ കഴിയുന്ന വിധമാണ് ഇത് ക്രമീകരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ ലഭിക്കുന്ന പ്രതീതി ജനിപ്പിക്കുകയാണ് ലക്ഷ്യം.
അടുത്തിടെ പേജ് കസ്റ്റമൈസ് ചെയ്യാനുള്ള ഷോര്‍ട്ട്കട്ട് ബാര്‍ സംവിധാനം ഉപയോക്താക്കള്‍ക്കായി ഫേസ്ബുക്ക് കൊണ്ടുവന്നിരുന്നു. മാര്‍ക്കറ്റ്, പ്ലേസസ്, ഇവന്റ്സ്, ഫ്രണ്ട് റിക്വസ്റ്റുകള്‍, ന്യൂസ്, പ്രൊഫൈല്‍ തുടങ്ങിയവയെല്ലാം വാളില്‍ നിന്നും നീക്കം ചെയ്യാം. ഉപയോക്താക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളുമായി വേഗത്തില്‍ കണക്റ്റ് ചെയ്യുന്നതിനും ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ലഭിക്കുന്ന അറിയിപ്പുകള് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.