ഇന്ത്യയിലെ ആദ്യ വോയ്സ് ഓവര്‍ വൈഫൈ സംവിധാനവുമായി എയര്‍ടെല്‍. ഓഫീസിലും വീട്ടിലുമുള്ള വൈഫൈ നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്തി കോള്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്. എയര്‍ടെല്‍ വൈഫൈ കോളിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് പ്രത്യേകം ആപ്ലിക്കേഷന്റെ ആവശ്യമില്ല. ഫോണിലെ സെറ്റിംഗ്സ് ഒന്നു ക്രമീകരിച്ചാല്‍ നിങ്ങള്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ കഴിയും.
ഇതിനായി ആദ്യം വേണ്ടത് നിങ്ങളുടെ ഫോണ്‍ എയര്‍ടെല്‍ വൈഫൈ കോളിംഗിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുകയാണ്. airtel.in/wifi calling എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ ഇത് അറിയാന്‍ കഴിയും. പിന്നീട് ഫോണിലെ സോഫ്റ്റ്വെയര് വൈഫൈ കോളിംഗിനെ പിന്തണയ്ക്കുന്ന ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. ശേഷം ഫോണിലെ സെറ്റിംഗ്സില് വൈഫൈ കോളിംഗ് സ്വിച്ച് ഓണ്‍ ചെയ്യണം. വോള്‍ട്ടി സേവനവും സ്വിച്ച് ഓണ്‍ ചെയ്യണം.
വളരെ കുറഞ്ഞ അളവിലുള്ള ഡേറ്റ മാത്രമെ വൈഫൈ കോളിംഗ് സേവനത്തിന് ഉപയോഗിക്കുള്ളുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയിലുള്ളവര്‍ക്ക് മാത്രമെ സേവനം ലഭ്യമാകൂ. റെഡ്മി കെ20, റെഡ്മി കെ20 പ്രോ, പോകോ എഫ്, സാംസങ് ഗാലക്സി ജെ6, ഗാലക്സി എ10 എസ്, ഗാലക്സി ഓണ്‍6,ഗാലക്സി എം30 എസ്, വണ്‍പ്ലസ് 7, വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 7ടി പ്രോ, എന്നീ ഫോണുകളില്എയര്ടെല് വൈഫൈ കോളിംഗ് ലഭ്യമാകും. ഐഫോണ്‍ 6 ന് ശേഷം പുറത്തിറങ്ങിയ എല്ലാ ഐഫോണുകളിലും വൈഫൈ കോളിംഗ് ലഭിക്കും.
മറ്റ് സ്മാര്‍ട്ട് ഫോണുകളിലും വൈഫൈ കോളിംഗ് സേവനം എത്തിക്കാനായി മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് എയര്‍ടെല്‍. നിലവില്‍ എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്റ് നെറ്റ്വര്ക്കില് മാത്രമായിരിക്കും സേവനം ലഭിക്കുക. അധികം വൈകാതെ മറ്റെല്ലാ നെറ്റ്വര്‍ക്കുകളിലേക്കും സേവനം എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.