ന്യൂയോര്‍ക്ക്: ലോകത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡി ആപ്പാണ് ട്രൂകോളര്‍. 2019ലെ ലോകത്തിലെ ഫോണ്‍വിളികളെ സംബന്ധിച്ച് കൗതുകകരമായ വിവരങ്ങളാണ് ട്രൂകോളര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
2019ല്‍ ട്രൂകോളര്‍ വഴി 19 കോടി നമ്പറുകളെ സ്പാം നമ്പറുകളായി കണ്ടെത്തിയിട്ടുണ്ട്. 2019ല്‍ ഈ നമ്പറുകളില്‍ നിന്നുള്ള 260 കോടി കോളുകള്‍ ട്രൂകോളര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ 86 കോടി സ്പാം എസ്എംഎസുകളില്‍ നിന്നും തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിച്ചുവെന്നും ട്രൂകോളര്‍ അവകാശപ്പെട്ടു.
ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ വരുന്നത് ബ്രസീലിലാണ്. ഒരു ഫോണ്‍ ഉപയോക്താവിന് മാസം ശരാശരി 45 സ്പാം കോളുകള്‍ ലഭിക്കുന്നു. പെറുവാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമത് ഇന്തോനേഷ്യയും മെക്സികോ നാലാം സ്ഥാനത്തുമാണ് സ്പാം കോളുകളില്‍.
സ്പാം കോളുകളുടെ കാര്യത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയില്‍ ഒരു ഉപയോക്താവിന് മാസം 25 സ്പാം കോളുകള്‍ ലഭിക്കുന്നു. 2018ല്‍ ഇത് 22 കോള്‍ ആയിരുന്നു. അതായത് വര്‍ഷം കൂടുന്നതിന് അനുസരിച്ച് സ്പാം കോളുകള്‍ വര്‍ദ്ധിക്കുകയാണ്.
2019 ജനുവരി 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പ്രകാരമാണ് ട്രൂകോളര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.