ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്. അതുപോലെ തന്നെ ഏറ്റവും ജനപ്രിയമായ ഒഎസുകളിൽ ഒന്നാണ് ആൻഡ്രോയിഡ്. ഇവർ ഏറ്റുമുട്ടാനൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ ഭീമൻമാരായ ഫേസ്ബുക് തങ്ങളുടെ സ്വന്തം ഒഎസ് നിർമ്മിക്കുന്നു. ഫേസ്ബുക് ഒഎസ് എന്ന് ഇപ്പോൾ പേരിട്ടിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഉടൻ തന്നെ ഉപഭോക്താക്കളിലേക്കെത്തും. പുതിയ പേരിലായിരിക്കും ഒഎസ് പുറത്തിറക്കുക.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഒക്കുലസ് വിആർ ഹെഡ്‌സെറ്റുകളിലും സ്മാർട്ട് ഡിസ്പ്ലേകളിലും നിലവിൽ ആൻഡ്രോയിഡ് ഒഎസാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിനെ മാറ്റിസ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഒഎസ് പുറത്തിറക്കുന്നത് കമ്പനി അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിൻഡോസ് എൻടി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മുൻ കോ ഓതറായിരുന്ന മാർക്ക് ലൂക്കോവ്സ്കിയാണ് പ്രോജക്റ്റ് ലീഡ് ചെയ്യുന്നത്.
ഹാർഡ്‌വെയറിലും സോഫ്റ്റ്‌വെയർ നിർമ്മാണത്തിലേക്കും കടക്കുന്നതോടെ കമ്പനിയുടെ സാങ്കേതിക വിദഗ്ധരുടെ വലിയൊരു വിഭാഗം ഇതിനായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ഫേസ്ബുക്കിനെ സംബന്ധിച്ച് ആൻഡ്രോയിഡ് പോലൊരു വമ്പൻ ഒപ്പറേറ്റിംഗ് സിസ്റ്റത്തെ മാറ്റി സ്ഥാപിക്കുകയെന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്.















