Columns

ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ : മതപരിവര്‍ത്തനത്തിന് തടയിട്ട കര്‍മയോഗി

കൊച്ചി: ഹിന്ദുസമൂഹത്തിന്റെ ഉന്നമനത്തിനായി സമൂഹമധ്യത്തില്‍ ഇറങ്ങി നടന്ന സ്വാമി വിശ്വേശ തീര്‍ത്ഥ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് എന്നും ഒരു ആശ്രയവും ആശ്വാസവുമായിരുന്നു. ദക്ഷിണഭാരത്തിലെ ഗ്രാമീണ മേഖലകളിലെ കൊടിയ ദാരിദ്രവും അയിത്തത്തെ തുടര്‍ന്നു നടന്ന മതംമാറ്റങ്ങളും ഒരു പരിധിവരെ അവസാനിപ്പിക്കാനായത് വിശ്വേശ തീര്‍ത്ഥയുടെ അക്ഷീണ പ്രയ്തനത്താലായിരുന്നു. കാഞ്ചീ മഠത്തില്‍ നിന്നും തെരുവീഥികളിലേക്ക് നടന്ന സ്വാമി സുപ്രധാനമായ പല ഹിന്ദുമുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.

 

1931 ഏപ്രില്‍ മാസം 27ന് രാംകുഞ്ചത്തിലെ നാരായണാചാര്യയുടേയും കമലമ്മയുടേയും മകനായി ജനിച്ച സ്വാമിയെ വെങ്കടരമണ എന്നാണ് ആദ്യം പേരിട്ടുവിളിച്ചത്. 8-ാം വയസ്സില്‍ വിശ്വമന്യ തീര്‍ത്ഥ സ്വാമിയാല്‍ സന്യാസമാര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചു. അന്നുമുതല്‍ വിശ്വേശ തീര്‍ത്ഥ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി.

സംസ്‌കൃതത്തിലും വേദാന്തത്തിലും, ന്യായത്തിലും, ശാസ്ത്രത്തിലും നന്നേ ചെറുപ്പത്തില്‍ത്തന്നെ പാണ്ഡിത്യം പ്രദര്‍ശിപ്പിച്ച വിശ്വേശ തീര്‍ത്ഥ പക്ഷെ പൊതു സമൂഹത്തിനുള്ളില്‍ പ്രവര്‍ത്തിക്കാനാണ് എന്നും ആഗ്രഹിച്ചത്. മികച്ച അധ്യാപകനെന്ന നിലയിലും അദ്ദേഹം പ്രസിദ്ധനായി. സരളമായി ഗഹനങ്ങളായ തത്വങ്ങളെ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം സാധാരണക്കാര്‍ക്കും പറഞ്ഞുകൊടുക്കുന്നതില്‍ അദ്ദേഹം എന്നും സവിശേഷ ശ്രദ്ധചെലുത്തി.

ഹിന്ദുസംഘടനാ പ്രവര്‍ത്തനങ്ങളില്‍ വിശ്വഹിന്ദുപരിഷത്തിന്റെ രൂപീകരണം കേരളത്തില്‍ കൊച്ചിയില്‍ നടന്ന വിശാലഹിന്ദുസമ്മേളനം എന്നിവയുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് വിശ്വേശ തീര്‍ത്ഥ സമൂഹ്യപ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ചു. എവിടെയും ലളിതമായ സംസ്‌കൃതത്തില്‍ സംസാരിച്ചിരുന്നത് എല്ലാ ഭാഷക്കാര്‍ക്കും മനസ്സിലായിരുന്നുവെന്നതും ഏറെ കൗതുകകരമായിരുന്നു.

വളരെ മെലിഞ്ഞ് തെളിഞ്ഞ മുഖത്തോടും ചിരിച്ചുകൊണ്ടുമുള്ള സ്വാമിയുടെ രൂപം വലിയ അനുയായീ വൃന്ദങ്ങളെ സൃഷ്ടിച്ചു. കാഞ്ചി മഠത്തിനപ്പുറത്തുള്ളവര്‍ക്കും ഏറെ പ്രിയങ്കരനായി മാറിയത് വളരെപെട്ടന്നായിരുന്നു. ബാംഗ്ലൂരില്‍ പൂര്‍ണ്ണ പ്രജ്ഞാ വിദ്യാപീഠം സ്ഥാപിച്ചുകൊണ്ട് ആധ്യാത്മിക പഠനത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കി. നിലവില്‍ 300 കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമാണുള്ളത്.

താഴേക്കിടയിലുള്ള സമൂഹത്തിനെ പൊതുഹിന്ദുസമൂഹം സ്വന്തം സഹോദരന്മാരായിക്കണ്ട് വീടുകളില്‍ കയറ്റണമെന്നും നിത്യജീവിതത്തില്‍ തുല്യപ്രാധാന്യം നല്‍കണമെന്നും വിശ്വേശ തീര്‍ത്ഥ സ്വയം മാതൃകകാണിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു. അതിഭീകരമായ മതംമാറ്റം പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നടന്നപ്പോഴൊക്കെ അത്തരം സമൂഹത്തിലിറങ്ങിച്ചെന്ന് അവരെ തിരികെ കൊണ്ടുവരാന്‍ അദ്ദേഹത്തിനായി.

അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കാനും പ്രക്ഷോഭത്തില്‍ പങ്കെടുക്കാനും മടികാട്ടാതിരുന്ന സ്വാമി ജയിലില്‍ പോകാനും തയ്യാറായിരുന്നു. അയോധ്യാ പ്രക്ഷോഭത്തിലും കര്‍സേവകര്‍ക്ക് പിന്തുണയായി സ്വാമിയുടെ ധാര്‍മിക ആഹ്വാനം മുഴങ്ങി.

പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് നടത്തുന്ന വ്യവസായവല്‍ക്കരണത്തിനെതിരെ നിലകൊണ്ട സ്വാമി ഒരു വിശ്വപൗരനാണെന്നും തെളിയിച്ചു. കാര്‍വാറിലേയും നന്ദികൂരിലേയും വ്യവസായങ്ങള്‍ക്കെതിരെ സ്വാമി ശബ്ദമുയര്‍ത്തി.

893 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close