ഓണ്‍ലൈന്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് നിര്‍ബന്ധമായും വേണ്ട ഒന്നാണ് ഒടിപി നമ്പര്‍. ഒടിപി നമ്പര്‍ നല്‍കിയില്ലെങ്കില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ പൂര്‍ത്തിയാകില്ല എന്നത് ഒരു സാമാന്യ വിവരമായി മാറി കഴിഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ഒടിപി നമ്പര്‍ കൈമാറിയുള്ള ഇടപാടുകളില്‍ ഉപഭോക്താക്കള്‍ തട്ടിപ്പിനിരയായ സംഭവങ്ങളും നിരവധിയാണ്.
ഒടിപി നമ്പറിനെ ഒഴിവാക്കി സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഇ- കൊമേഴേസ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ട്. 2,000 രൂപ വരെയുള്ള ഇടപാടുകള്‍ ഒടിപി നമ്പര്‍ ഇല്ലാതെ നടത്തുന്നതിനുള്ള സംവിധാനമാണ് ഫ്ളിപ്പ്കാര്‍ട്ട് ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖ ഡെബിറ്റ് കാര്‍ഡ് സേവന ദാതാക്കളായ വിസയുമായി സഹകരിച്ചാണ് ഫ്ളിപ്പ്കാര്‍ട്ട് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി വിസ സേഫ് ക്ലിക്ക് എന്ന പേരിലുള്ള ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി 2,000 രൂപ വരെയുള്ള ഫ്ളിപ്പ്കാര്‍ട്ട് ഇടപാടുകള്‍ ഒടിപി ഇല്ലാതെ തന്നെ നടത്താന്‍ കഴിയും.
ഈ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഇന്ത്യയില്‍ ഒടിപി ഇല്ലാതെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്ന ആദ്യ സ്ഥാപനമായി ഫ്ളിപ്പ്കാര്‍ട്ട് മാറും. സുരക്ഷിതമായ പേയ്മെന്റ് സംവിധാനമാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ചെറിയ ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് ഇടപാടുകാരെ സഹായിക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.















