ബംഗളൂരു: ഗഗന്യാന് ദൗത്യത്തിന്റെ ആദ്യ യാത്രയില്‍ ഇന്ത്യന്‍ പതാകയുമായി ഒരാള്‍ മാത്രമാണ് പോകുന്നതെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന തലവന്‍ കെ ശിവന് അറിയിച്ചു. 2011 ഡിസംബറിലാണ് ആദ്യ പരീക്ഷണം നടക്കുക. പതിനായിരം കോടി ചിലവു വരുന്ന ഗഗന്യാന് ദൗത്യത്തില്‍ നാലു വ്യോമസേന പൈലറ്റുമാരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.
ഗഗന്‍യാനിന്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ നടക്കും. സമ്പൂര്‍ണ പരിശീലനം നല്കുന്ന നാലു പേരെയും ബഹിരാകാശത്ത് അയക്കുമെന്നാണ് കെ. ശിവന് അഭിപ്രായപ്പെട്ടത്. ചുരുങ്ങിയത് ഏഴു ദിവസം ബഹിരാകാശത്ത് യാത്രികരെ താമസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി മൂന്നാമത്തെ ആഴ്ച മുതല്‍ ഇവര്‍ക്ക് പരിശീലനം ആരംഭിക്കും. പതിനൊന്നു മാസം നീണ്ട പരിശീലനമാണ് റഷ്യയില്‍ വെച്ച് ഇവര്‍ക്ക് നല്‍കുക. ബഹിരാകാശത്ത് സഞ്ചരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വിവിധ തരം ശാരീരിക ക്ഷമത പരിശീലനമാണ് റഷ്യയില്‍ വെച്ച് നടക്കുക. റഷ്യയില്‍ പരിശീലനം പൂര്‍ത്തിയായതിനു ശേഷം ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കും.
2018-ല്‍ 75-ാം സ്വാതന്ത്ര്യ ദിനആഘോഷത്തിലാണ് ഇന്ത്യയുടെ ബഹിരാകാശ മിഷന് ഗഗന്യാനെ കുറിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഒരു മകനോ,മകളോ അടുത്ത ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യന്‍ പതാക കൈയ്യിലേന്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഗഗന്യാന് മിഷന്റെ അവസാന റൗണ്ടില്‍ എത്തിയ നാലു പേരും പുരുഷന്മാരാണ്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഐഎസ്ആര്‍ഓ തലവന്‍ തയ്യാറായില്ല. ദൗത്യം വിജയിച്ചാല്‍ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്ക് ശേഷം, ബഹിരാകാശത്തേക്ക് മനുഷ്യനെയെത്തിച്ച ലോകത്തെ നാല് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും.















