ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് കോണ്‍വര്‍സേഷന്‍ സംവിധാന പദ്ധതിയുമായി ട്വിറ്റര്‍. ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയുടെ ഭാഗമായാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഫീച്ചര്‍ ഈ വര്‍ഷം തന്നെ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരു കൂട്ടം പേര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനും മറ്റുള്ളവര്‍ക്ക് ചര്‍ച്ച നിരീക്ഷിക്കാനും അവസരമൊരുക്കുന്ന തരത്തിലാണ് കോണ്‍വര്‍സേഷന്‍ സംവിധാനം ഒരുക്കുക. അതേസമയം ട്വീറ്റ് ചെയ്യുന്നവര്‍ക്ക് ആള്‍ക്കാരെ നിയന്ത്രിക്കാനും ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും തീരുമാനിക്കാനുള്ള ഓപ്ഷനും ഇതിലുണ്ടാകും. അതുകൊണ്ടു തന്നെ കാണുന്ന എല്ലാവര്ക്കും ചര്‍ച്ചയ്ക്ക് മറുപടി നല്കാന് സാധിക്കില്ല.
ആരോഗ്യകരമായ ആശയ വിനിമയവും സത്യവും വസ്തു നിഷ്ഠവുമായ കാര്യങ്ങള്‍ക്കാണ് ട്വിറ്റര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ട്വിറ്റര്‍ പ്രൊഡക്റ്റ് മേധാവി കായ്വോണ് ബെയ്കപൗര് പറഞ്ഞു. അസുഖകരമായ അഭിപ്രായ പ്രകടനങ്ങള്‍ ട്വിറ്റര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു ട്വീറ്റിന് താഴെ അനേകം കമന്റുകള്‍ വരുന്നതും, അനാവശ്യമായ അഭിപ്രായങ്ങളും ഒഴിവാക്കാനുള്ള ത്രെഡിങ് ഇന്റര്‍ഫെയ്സ് പരീക്ഷിക്കാനുള്ള ശ്രമവും ട്വിറ്റര്‍ നടത്തുന്നുണ്ടെന്ന് ട്വിറ്റര്‍ പ്രൊഡക്റ്റ് ടീമംഗമായ സൂസന് ഷെയ് പറഞ്ഞു.