സാന്‍ഫ്രാന്‍സിസ്കോ: എല്ലാ ഫോണുകള്‍ക്കും ഒരേ ചാര്‍ജര്‍ എന്ന യൂറോപ്യന്‍ യൂണിയന് ആഹ്വാനം തള്ളി ആപ്പിള്‍. ആപ്പിള്‍ ഐഫോണില്‍ നിലവില്‍ ഉപയോഗിക്കുന്ന ലൈറ്റനിംഗ് ചാര്‍ജിംഗ് സംവിധാനം തന്നെ തുടരാനാണ് ആലോചിക്കുന്നതെന്ന് ആപ്പിള്‍ അറിയിച്ചു. ഇത്തരമൊരു നീക്കം നടത്തിയാല്‍ വീണ്ടും ഇ- വേസ്റ്റ് കൂടുമെന്നാണ് ആപ്പിളിന്റെ നിഗമനം. ഒരാഴ്ച്ച മുന്‍പാണ് യൂറോപ്യന്‍ പാര്‍ലമെന്റ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.
എല്ലാ ഉപകരണങ്ങള്‍ക്കും ഒരേ കണക്ടര് എന്നത് ഈ രംഗത്തെ ഗവേഷണത്തെ പിന്നോട്ട് വലിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി പറഞ്ഞു. ഉപയോക്താക്കള്‍ക്കും യൂറോപ്യന്‍ യൂണിയനും സാമ്പത്തികമായി ഗുണകരമാകുന്ന ഒരു തീരുമാനം ആയിരിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
സ്മാര്‍ട്ട് ഫോണ്‍ മേഖല ഇപ്പോള്‍ സി ടൈപ്പ് ചാര്‍ജിംഗിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇതിനായി പ്രത്യേക നിയമ നിര്‍മ്മാണം ആവശ്യമില്ലെന്നും പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള ഈ മേഖലയുടെ ശക്തിയെ മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആപ്പിള്‍ പറയുന്നു.