സംഗീത പ്രേമികള്‍ക്ക് പ്രിയങ്കരമായ വോക്മാന് മ്യൂസിക് പ്ലയറിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതിരിപ്പിച്ച് സോണി. കാലങ്ങളോളം ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്ന വോക്മാന് മ്യൂസിക് പ്ലയര്‍ ഡിജിറ്റല്‍ സംഗീതത്തിന്റെ വ്യാപനത്തോടെ സോണി നിര്‍ത്തലാക്കിയിരുന്നു. ആന്‍ഡ്രോയ്ഡ് വോക്മാന് എന്നാണ് പുതിയ മ്യൂസിക് പ്ലയറിന്റെ പേര്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം ആപ്പിളിന്റെ ഐപോഡിനോട് ഏറെ സാമ്യമുള്ളതാണ്. ഫോണ്‍ കോള്‍ സേവനം ഒഴിച്ച് മറ്റുള്ളവയെല്ലാം ഇതില്‍ ലഭിക്കും.
സംഗീത പ്രേമികളെ ലക്ഷ്യം വെച്ചാണ് ആന്‍ഡ്രോയ്ഡ് വോക്മാനിലെ ബട്ടണുകളും ഡിസൈനുകളും തയ്യാറാക്കിയിരിക്കുന്നത്. എല്ലാ മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളേയും ഇത് പിന്തുണയ്ക്കും. ആന്‍ഡ്രോയ്ഡ് 9 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന വോക്മാനില്‍ 4 ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയും ഉണ്ട്. 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡും ഇതില്‍ ഉപയോഗിക്കാം. 3.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഉപകരണത്തിനുള്ളത്.
വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്സി കണക്ടിവിറ്റി എന്നിവയും വോക്മാനില്‍ ഉണ്ട്. 26 മണിക്കൂര്‍ വരെ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കാന്‍ കഴിയുന്ന ബാറ്ററി ബായ്ക്കപ്പോടെയാണ് വോക്മാന് വിപണിയിലെത്തുന്നത്. ഡയറക്ട് ഓഡിയോ സ്ട്രീം ഡിജിറ്റല്‍ ഓഡിയോ ഫോര്‍മാറ്റുകള്‍ എല്ലാം സപ്പോര്‍ട്ട് ചെയ്യുന്ന് വോക്മാന്റെ വില 23,990 രൂപയാണ്. യുഎസ്ബി- സി, ഫാസ്റ്റ് ചാര്‍ജ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും വോക്മാനില്‍ ഉണ്ട്.