കൊറോണ മഹാമാരി ലോകമെമ്പാടുമുള്ള വലിയ കമ്പനികളുടെ എല്ലാം പ്രവർത്തനത്തെ സാരമായി ബാധിച്ച് കഴിഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഐടി കമ്പനികളെല്ലാം തങ്ങളുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. എല്ലാവരും വീട്ടിലിരിക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്യുകയും ചെയ്യുന്നതോടെ പലർക്കും ഇന്റർനെറ്റ് സ്പീഡ് ഒരു തലവേദന ആയിരിക്കുകയാണ്. തങ്ങളുടെ വൈഫൈയിൽ സ്പീഡ് കുറവായി തോന്നുന്നവർക്ക് ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.
നെറ്റ്‌വർക്കിൽ കൂടുതൽ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടാല്‍ സ്വാഭാവികമായും കണക്റ്റിവിറ്റിയുടെ വേഗത്തിലും തടസങ്ങള്‍ അനുഭവപ്പെടും. ഇത് പരിഹരിക്കുന്നതിനായി ഒന്നിലധികം ഡിവൈസുകൾ വൈ-ഫെയുമായി കണക്ട് ചെയുന്നത് ഒഴിവാക്കുക. ലാപ്ടോപ്പിൽ വൈ-ഫൈ കണക്ട് ചെയ്താണ് വർക്ക് ചെയ്യുന്നതെങ്കിൽ വൈ-ഫൈ കണക്ടിവിറ്റി ആവശ്യമില്ലാത്ത സ്മാർട്ഫോൺ അടക്കമുള്ള ഡിവൈസുകൾ ഡിസ്കണക്ട് ചെയ്യുക. വൈഫൈയിൽ സ്പീഡ് കുറയാതിരിക്കാനും ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന് ഇതാണ്. ഒരേ സമയം പല ഡിവൈസുകൾ കണക്ട് ചെയ്യുമ്പോൾ ഉപഭാഗം വർദ്ധിയ്‌ക്കും. അപ്പോൾ സ്പീഡ് കുറയാൻ സാധ്യത വളരെ കൂടുതലാണ്.
ലോക്ക്ഡൗൺ ആയതിനാൽ കുട്ടികൾ അടക്കമുള്ള എല്ലാവരും വീട്ടിൽ ഉണ്ടാകും. നിങ്ങൾ ജോലി ചെയ്യുന്ന അതെ സമയം തന്നെ കുട്ടികൾ ഓൺലൈനിൽ ഗെയിം കളിക്കാനും വീട്ടിലെ മറ്റുള്ളവർ യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഉപയോക്കാനുള്ള സാധ്യതയുമുണ്ട്. ഇത് ഒഴിവാക്കാൻ സമയക്രമം നിശ്ചയിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുക എന്നതാണ് മാർഗം. ഓരോന്നിനും പ്രത്യേകം സമയം നിശ്ചയിക്കുക. രാവിലെ ജോലിയാണെങ്കില്‍ ഉച്ചയ്‌ക്ക് ഗെയിമിംഗോ വീഡിയോ കാണുകയോ ചെയ്യാം.
മറ്റൊരു മാർഗം വൈ-ഫൈ ഡെഡ് സോണുകൾ കണ്ടെത്തുക എന്നതാണ്. ഈ സ്ഥലങ്ങൾ കണ്ടെത്തിയാൽ അവിടെ ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇങ്ങനെ വൈ-ഫൈ ഡെഡ് സോണുകൾ കണ്ടെത്തുന്നത്തിനായി തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഉപയോഗിച്ചുകൊണ്ട് ഇരിക്കുന്നതിനിടയിൽ ഇന്റർനെറ്റിന് തടസം നേരിട്ടാൽ ഉടൻ തന്നെ റൂട്ടര്‍ റീബൂട്ട് ചെയ്യുക. ഇത് വേഗത കൂട്ടാൻ സഹായിക്കും. മൊബൈലിൽ ആണ് തടസം ഉണ്ടാകുന്നതെങ്കിൽ ഉടൻ തന്നെ ഫ്‌ളൈറ്റ് മോഡ് ഓണ്‍ ആക്കി ഓഫ് ചെയ്യുക.















